Friday 5 May 2017

കർമ്മം




ജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ വില കല്പിക്കേണ്ട വാക്കുകളിൽ ഒന്നാണ് കർമ്മം ......

എന്താണ് കർമ്മം .....?

ഓരോ പ്രവർത്തിയും ഓരോ വാക്കും ഓരോ ചിന്തയും കർമ്മങ്ങളാണ്........!!!

കർമ്മങ്ങൾ എപ്പോഴും ആനന്ദപൂർണ്ണമായിരിക്കണം.......ഈ തലമുറ വിശ്വാസവും ആരാധനയും എല്ലാം നല്ല കർമ്മങ്ങളാണെന്ന് അറിഞ്ഞ് വളരട്ടെ.....ഒരു പരിധി വരെ ലോകത്തിലെ പ്രശ്നങ്ങൾ ആ ചിന്താധാരയിൽ കെട്ടടങ്ങും.......

സ്‌നേഹം നമുക്ക് നല്ല കർമ്മങ്ങളിലൂടെ പ്രകാശിപ്പിക്കാൻ കഴിയണം.........
നമുക്കതിന് കഴിയുന്നുണ്ടോ എന്ന് ചോദിച്ചാൽ.......ഇല്ല എന്ന് പറയേണ്ടി വരും അല്ലേ......? അല്ലെങ്കിൽ നല്ല മാന്യമായി കള്ളം പറയേണ്ടി വരും.......അല്ലേ ...? അതിനൊരു ഉത്തമ ഉദാഹരണം ആണ് അണുകുടുംബങ്ങൾ.......

കാരണം...നമ്മൾ ഓട്ടത്തിൽ ആണ്....ആയുസ്സിൻറെ വലിപ്പം കുറച്ച് ആഡംബരത്തിൻറെ വലിപ്പവർദ്ധനവിനായുള്ള ഓട്ടത്തിൽ ......എത്ര കിട്ടിയാലും സംതൃപ്തമല്ലാത്ത മനസ്സുമായി നിലക്കാത്ത ഓട്ടം......

നമ്മൾ ഒരു ആധുനിക കുടുംബപശ്ചാത്തലത്തിൽ നിന്നും നോക്കിയാൽ ........ഒരു വീട്ടിൽ 5 ശരീരങ്ങൾ, ആ 5 ശരീരങ്ങൾക്ക് 5 മനസ്സുകൾ, ആ 5 മനസ്സുകൾക്ക് 5 ചിന്തകൾ, ആ 5 ചിന്തകൾ 5 ദിശകളിൽ ....ഒന്നും ഒന്നിനോടൊന്ന്‌ പൊരുത്തപ്പെട്ട് പോകുന്നില്ല.......ആരുടേയും മനസ്സിൽ ആനന്ദമില്ല ആരുടേയും മനസ്സ് സംതൃപ്തവുമല്ല.

കഷ്ടമാണല്ലേ .........?

സ്വന്തം ചോരകൾക്ക്‌ പോലും സ്വന്തം ചോരകളെ തിരിച്ചറിയാൻ കഴിയാത്ത കാലം........എല്ലാവരും ഓടുകയാണ്....സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി അരികിൽ കാണുന്നതിനെ എല്ലാം നശിപ്പിച്ചുംകൊണ്ടുള്ള ഓട്ടം....
സ്വന്തം ജീവന്റെ നിലനിൽപ്പിന് ആത്യാവശ്യമായിട്ടുള്ള ശുദ്ധ വായു നൽകുന്ന പ്രകൃതി പോലും ഇന്നവന്റെ ഇരയാണ്......

തോറ്റുപോകുന്നവരായിരിക്കും അധികവും....അല്ലെങ്കിൽ ജയിച്ചെന്ന ചിന്ത മനസ്സിൽ കയറുമ്പോൾ ഒന്ന് തിരിഞ്ഞ് നോക്കിയാൽ നഷ്ടങ്ങളുടെ ഒരു വലിയ കൂമ്പാരം തൊട്ടരികിൽ നമ്മളെയും നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരിക്കും. നേടിയെന്ന് തോന്നുന്നതിനെയെല്ലാം ഒരു നിമിഷം കൊണ്ട് വെണ്ണീറാക്കി കളയാനുള്ള ശക്തി ആ ചിരിക്കുണ്ടായിരിക്കും.

ഇതിലെ ഏറ്റവും രസകരമായ വശങ്ങൾ എന്തെന്നാൽ....ഈ ഓട്ടത്തിന് ഒരു റഫ്രി ഇല്ല, ഒരു വ്യക്തമായ ട്രാക്കില്ല, ഒരു വിധികർത്താവില്ല, ഒരു പരിധി വരെ ഇതിനൊരവസാനവും ഇല്ല.

ഉറക്കത്തിൽ പോലും തലച്ചോറ് എന്തൊക്കെയോ കണക്കുകൂട്ടികൊണ്ടിരിക്കുന്നു.....അതുകൊണ്ട് തന്നെ ഈ ഓട്ടത്തിൽ ചെയ്യുന്ന കർമ്മങ്ങൾക്കൊന്നും നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കാൻ സാധിക്കുകയില്ല.

5 പേർ ആടങ്ങുന്ന ഒരു കുടുംബത്തിലെ കർമ്മങ്ങൾ പോലും നമുക്ക് ആനന്ദപൂർണമാക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു സമൂഹത്തിൻറെ അവസ്ഥ എന്തായിരിക്കയും........ആ സമൂഹത്തിൻറെ അവസ്ഥയിൽ നിന്ന് നോക്കുമ്പോൾ ഒരു രാജ്യത്തിൻറെ അവസ്ഥ എന്തായിരിക്കും....ആ  രാജ്യത്തിൻറെ അവസ്ഥയിൽ നിന്ന് നോക്കുമ്പോൾ ഈ ലോകത്തിൻറെ അവസ്ഥ എന്തായിരിക്കും.......ആ അവസ്ഥയിൽ നിന്ന് നോക്കുമ്പോൾ മനുഷ്യൻ മനുഷ്യനെ തന്നെ ഭക്ഷണമാക്കുന്നതിൽ ഒട്ടും ആശ്ചര്യം തോന്നണുണ്ടാവില്ല അല്ലേ.......?

നമ്മുടെ ബന്ധുമിത്രാതികളിലേക്ക് നമ്മുടെ സഹപ്രവർത്തകരിലേക്ക് അല്ലെങ്കിൽ നമ്മുടെ സഹോദരിസഹോദരന്മാരിലേക്ക് സുഹിപ്പിക്കലിൻറെ ഭാഷയുടെ പ്രവാഹം കടത്തിവിടാതെ സ്നേഹം പിടിച്ചു വാങ്ങാൻ ശ്രമിക്കാതെ  സ്നേഹം നമ്മുക്ക് നല്ല കർമ്മങ്ങളിലൂടെ പ്രകാശിപ്പിക്കാൻ കഴിഞ്ഞാൽ ഈ ലോകത്തെ വസുതൈവകുടുംബകം (ലോകം ഒരൊറ്റ കുടുംബം) എന്ന് നമ്മുക്ക് ഗർവ്വോടെ വിളിക്കാൻ സാധിക്കും....




നമ്മൾ ചെയ്യുന്ന കർമ്മങ്ങൾക്ക് നമ്മുടെ മനസ്സിനെ ആനന്ദപൂർണ്ണമാക്കാൻ കഴിയണം. അതോടൊപ്പം ആ കർമ്മങ്ങളിൽ സത്യവും നീതിയും ധർമ്മവും ന്യായവും ഉണ്ടായിരിക്കുകയും വേണം. അതിന് ആദ്യം ചെയ്യേണ്ടത് സംതൃപ്തിയാണ് ഏറ്റവും വലിയ ധനം എന്ന് നമ്മുക്ക് നമ്മുടെ മനസ്സുകളെ പറഞ്ഞ് പഠിപ്പിക്കാൻ കഴിയണം.

നമുക്കുള്ളതിൽ നമ്മുക്ക് സംതൃപ്തനാവാൻ കഴിഞ്ഞാൽ പിന്നീട് നാം ചെയ്യുന്ന കർമ്മങ്ങൾ എല്ലാം സത്യവും നീതിയും ധർമ്മവും ന്യായവും നിറഞ്ഞാതായിരിക്കും. ആ കർമ്മങ്ങൾക്ക് നമ്മുടെ മനസ്സിനെ ആനന്ദപൂര്ണ്ണമാക്കാനും കഴിയും.


അന്നും ഇന്നും അമ്മ ചൊല്ലുന്ന സന്ധ്യാനാമങ്ങളുടെ  അവസാനങ്ങളിൽ വരുന്ന ഒരു വരിക്കായ് ക്ഷമയോടെ ഞാൻ കാത്തിരിക്കും. ''ലോകാ സമസ്താ സുഖിനോ ഭവന്തു''. മൂന്ന് പ്രാവശ്യം ഇത് ചെല്ലുന്നത് കേട്ടുകഴിയുമ്പോൾ  കിട്ടുന്ന ഒരു ഊർജ്ജം ഉണ്ട്. പൂർവ്വികർ പകർന്നുതന്ന ഈ നല്ല ആശയം നാം നമ്മുടെ പ്രാർത്ഥനകളിലെങ്കിലും നെഞ്ചോടു ചേർത്ത് വയ്ക്കണം. പയ്യെ പയ്യെ അത് നമ്മുടെ മനസ്സിനെയും ശരീരത്തെയും കർമ്മത്തെയും അതിൻറെ ശരിയായ ദിശകളിൽ എത്തിക്കും....





ഓം ! 
സര്‍വ്വേഭി സുഖിനഃ സന്തു
സര്‍വ്വേ  സന്തു നിരാമയഃ
സര്‍വ്വേ  ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖമാപ്നുയാത്
ഓം ! ശാന്തി...... ശാന്തി......ശാന്തി......
----------------
സര്‍വ്വ  ജീവജാലങ്ങളും സന്തോഷഭരിതരാകട്ടെ, സര്‍വ്വ തിനും സുഖം ഭവിക്കട്ടെ, സര്‍വ്വ ജീവജാലങ്ങള്ക്കും
വികാസം ഭവിക്കട്ടെ, യാതൊരു ജീവജാലത്തിനും ദുഖമൊ കഷ്ടതയൊ ഉണ്ടാവാതിരിക്കട്ടെ, സര്‍വ്വ ജീവജാലങ്ങള്ക്കും പൂര്‍ണ ശാന്തിയുണ്ടാവട്ടെ !
--------------
May all living things be happy.
May all be healthy.
May all enjoy prosperity.
May none suffer.






(തുടരും......)


Thursday 25 June 2015

"നിദ്ര.........."(ഒരു കൊച്ച് കവിത)




നീദ്രേ നീ എത്ര സുന്ദരം.......

ഓർമ്മ മറയുന്നിടത്ത് മറവി പുനർജനിക്കുന്നതോ.........

നിന്നിലെവിടേയും ദുഃഖങ്ങളില്ല........

നിന്നിലെവിടേയും ചിന്തകളുമില്ല........

നീ മാത്രമെൻ വിശ്രമം എൻ ശരീരത്തിനും മനസ്സിനും.........

നിൻ ധാനമീക്കാണുന്ന ശരീര സുഖങ്ങളും .......

എന്നിട്ടും എന്നിൽ ഇന്നെന്തേ നീ മുഖം തിരിഞ്ഞു നിൽക്കുന്നു.........

എന്തിന്നു ഭയപ്പെടുത്തുന്നു നീ എന്നിത്രയും.......

ഈ ഇരുളിലും എനിക്ക് നിദ്രയില്ലാതെയായ്......

പിന്നെ ഞാനെന്തിനീ പകലിനെ പഴിക്കുന്നു .....

മാനവാ...... നീ അറിഞ്ഞീടുക ...........

ഓരോ നിദ്രയും നിൻ മരണത്തിലേക്കുള്ള പരിശീലനങ്ങളാണത്രെ..........


Friday 5 April 2013

പ്രവാസം ( ഒരു കൊച്ച് കവിത )




അക്കരെപ്പറ്റുവാനാഗ്രഹിക്ക്യുബോളും.
അറിഞ്ഞിരുന്നില്ല ജീവിതം ഏകാന്തമായിടും
……

സ്വർഗ്ഗമാം ഭൂമി വിട്ടെറിഞ്ഞിങ്ങു വന്നു നീ
.
ജീവിക്ക്യയാണോ പ്രവാസിയായ് ത്യാഗിയായ്


 ബന്ധങ്ങളാണ് ജീവിത സൌഭാഗ്യം നിശ്ചയം
..
ബന്ധങ്ങളാണീ പാരിൽ സർവ്വസൌഭാഗ്യം ഓർക്ക നീ
……

 പാരിലെ ജീവിതം പണത്തിനാൽ അളക്കുവോൻ
.
ശടിക്ക്യയാണീ മനം ഏറെ സംബാദിക്ക്യുവാൻ
 

തിരികെ നീ കോണ്ടുപോവാൻ കഴിയാത്തിടത്തോളം..
എന്തിന് കൊതിക്ക്യുന്നു മാനുഷാ നീ ഇത്രയും
.. 

എങ്കിലും സന്ധ്യേ
.( A shanavas dialogue)

കടലിലകപ്പെട്ട കുട്ടിയെ പോലെ ഞാൻ
.
തുടരുന്നു ഈ യാത്ര എന്തിനെന്നറിയാതെ
..

by
നിങ്ങളുടെ സ്വന്തം ജിത്തു
.


Friday 15 February 2013

“ മഴ ” ……പ്രപഞ്ച സംഗീതത്തിലെ ആദിതാളം.


“മഴ……പ്രപഞ്ച സംഗീതത്തിലെ ആദിതാളം”
“രാപ്പകലുകളിൽ ഇലകളെ നൃത്തം വയ്പ്പിച്ചും കൊണ്ട് വിരുന്നിനു വന്നവൾ”
            

മഴയെ കുറിച്ചോർക്കുംബോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ഈ വരികൾ എന്നും എനിക്ക് ഏറെ പ്രിയ്യപ്പെട്ടതാണ്. മഴ ഓർമ്മകളിൽ എന്നും നിറഞ്ഞു നിൽക്കുന്നു. BLOG എഴുതി തുടങ്ങിയ കാലം മുതൽ മനസ്സിന്റെ ആഗ്രഹം ആയിരുന്നു മഴയെ കുറിച്ചെഴുതണം എന്നത്, അതെ കൈ കഴക്കുവോളം എനിക്ക് മഴയെ കുറിച്ച് എഴുതണം.



മഴ എനിക്കെന്നും  എന്റെ പ്രണയമായിരുന്നു…….
പറയാത്ത മൊഴികളിൽ ഞാൻ ആ പ്രണയത്തെ അറിഞ്ഞിരുന്നു എന്ന് പറഞ്ഞാൽ, അതാണു സത്യം.


ഋതുഭേതങ്ങളിൽ വന്നണഞ്ഞ് ഒരു മിന്നലിന്റെ വെളിച്ചത്തിൽ ഒരു ഇടിമുഴക്കത്തിന്റെ നടുക്കത്തിൽ നീ എന്നെ തഴുകി നീങ്ങിയപ്പോൾ ഞാൻ പറയാതെ അറിഞ്ഞ പ്രണയം. വരണ്ടുണങ്ങിയ എന്റെ മനസ്സിലേക്ക് ഒരു ആലിപ്പഴം പോലെ നീ പെയ്തിറങ്ങിയപ്പോൾ ഞാൻ പറയാതെ  അറിഞ്ഞ പ്രണയം. 

മഴ എന്നിൽ അപകടങ്ങൾ ഒന്നും ഉണ്ടാക്കാത്തതായിരിക്കാം എന്നിലെ മഴയൊടുള്ള പ്രണയം പോലും.


കുഞ്ഞുനാളിൽ മഴയുടെ വിരിമാറിലൂടെ കൈ നീട്ടി നിൽക്കുംബോൾ ഇത് ഞാൻ നിനക്കുവേണ്ടി മാത്രം പെയ്യുന്നതാണ് എന്ന് എന്റെ കാതുകളിൽ ചുടുനിശ്വാസത്തിലൂടെ അവൾ പറയുന്നതായി എനിക്ക് തോന്നുമായിരുന്നു. അതെ, മഴയുടെ വിരിമാറിലൂടെ കൈ നീട്ടി നിൽക്കുന്ന കുഞ്ഞിന്റെ കൌതുകം അവൾ അറിയുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഒരോ മഴതുള്ളിയും എന്നോട് പറയുന്നുണ്ടായിരുന്നതും അവളുടെ പ്രണയത്തെ കുറിച്ചായിരുന്നു.


ഞാൻ നീട്ടിയ കൈകളും അവളെ മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ. എന്റെ കണ്ണിലെ കൌതുകം കണ്ട് കൊണ്ട് അവളും താളത്തിനൊത്ത് പെയ്തിറങ്ങി. ഇന്നും ഒരു വിളിപാടകലെ അവൾ എനിക്കുവേണ്ടി  മാത്രം പെയ്യാൻ കൊതിച്ച് നിൽക്കുകയാണ്. ഇന്ന് അത് എനിക്ക് പറയുന്ന മൊഴികൾ ആയി മാറ്റപ്പെട്ടിരിക്കുന്നു.


അതെ അവൾ എനിക്ക് വേണ്ടി മാത്രം ഊഞ്ഞാൽ കെട്ടിയ മഴതുള്ളികൾ. കണ്ടുവെച്ച സ്വപ്നങ്ങൾ എല്ലാം ചേർത്ത് ഇന്ന് മഴയായ് പെയ്തുകൊണ്ടിരിക്കുന്നു. മനസ്സിൽ കുളിരും ഹൃദയത്തിൽ  പ്രണയവും സിരകളിൽ ജീവനും നിറച്ച് ഇന്ന് എനിക്കരികിലെപ്പോഴും.  ചേർന്നിരുന്നു നനയാൻ കൂടെ ഒത്തിരി മഴക്കാലങ്ങളും


മഴക്കാലത്ത്  ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്നതിൻറെ ഒരു സു:ഖം, അതൊന്ന് വേറെ തന്നെ. അത് അനുഭവിച്ച് തന്നെ അറിയണം. ഇന്നതിന് ഇരട്ടി മധുരമാണ്. കാരണം പ്രപഞ്ച സ്രുഷ്ടി എനിക്ക് നൽകിയ സൗഭാഗ്യവും കൂടെ കൂട്ടിനുണ്ട്.



മഴക്കാല സന്ധ്യകളിൽ ഞങ്ങൽ ഒരുമിച്ച് കേട്ടിരുന്ന തവളകളുടെ മഴപ്പാട്ടിന്റെ മാധുര്യം കാതുകളിൽ ഇപ്പോളും ഓടിക്കളിക്കുന്നു.



ആ പാട്ടിന് പിറകെ വരാനിരിക്കുന്ന അമൃത വർഷത്തിനായി ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കുമായിരുന്നു. 


കാത്തിരിപ്പിനൊടുവിൽ അവൾ വന്നണയുംബോൾ ഉയർന്ന് പൊങ്ങുന്ന പുതുമണ്ണിന്റെ ഗന്ധം ആർത്തിയോടെ ശ്വസിക്കാൻ ഞങ്ങൾ മത്സരിച്ചിരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. 


അവസാനം ആ സുഗന്ധത്തിൽ ഭൂമി തൻ തംബുരുവിൽ ശ്രുതി മീട്ടി അവൾ പോയ്മറഞ്ഞപ്പോൾ ഞങ്ങളിലുണ്ടായ ശ്യൂന്യത.


 ശ്യൂന്യതകൾക്കുമപ്പുറം ഋതുഭേതങ്ങളിൽ അവൾ വീണ്ടും വന്നണയും എന്ന പ്രതീക്ഷയിൽ അവൾക്കുവേണ്ടി സൂക്ഷിച്ചു വച്ച പ്രണയവുമായി വീണ്ടും ഒരു കാത്തിരിപ്പ്.



  

“കുടകൾ”. വർണ്ണശഭലമായ കുടകൾ മഴക്കെന്നും ഒരു അലങ്കാരം ആണ്. ചേബിലയിലും വാഴയിലയിലും തുടങ്ങി കുടയിലെത്തി നിൽക്കുന്ന പാരബര്യം. 


മഴയുടെ സൗന്ദര്യം അതിന്റെ പൂർണ്ണതയിൽ എത്തുന്നത് വർണ്ണശഭലമായ കുടകൾ നിരത്തിലിറങ്ങുംബോൾ ആണ് എന്ന് ഒരു പണ്ഡിതൻ (ബിജുമോൻ) ഒരിക്കൽ പറയുന്നതു ശ്രദ്ധയിൽ‌പ്പെട്ടു. എന്നിലെ ആസ്വാദകനെ ഉണർത്താൻ പണ്ഡിതന്റെ (ബിജുമോൻ) ആ വാചകങ്ങൾ ധാരാളമായിരുന്നു.


തികച്ചും വ്യത്യസ്തവും എന്നാൽ ഒത്തിരി ആകർഷകവും ആയ കുടകളെ തേടി ഞാൻ യാത്ര തുടങ്ങി. ഒടുവിൽ മനസ്സിനിഷ്ടം തോന്നിയ കുടയിൽ ആധുനികതയുടെ സങ്കീർണ്ണതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത് എന്നെ ഒത്തിരി സന്തോഷിപ്പിച്ചു.


ഒരു കുട കയ്യിലുണ്ടെങ്കിൽ ഏതു മഴയത്തും ഇറങ്ങി നടക്കാൻ മനസും ശരീരവും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന കാലം.









(തുടരും)







Monday 4 February 2013

“ മാവേലിക്ക്യൊരു കത്ത് ” (മാവേലിക്ക് കത്തെഴുതൽ മത്സരം രണ്ടാം സമ്മാനം from നേതാജി വായനശാല)


പ്രിയപ്പെട്ട മാവേലിക്ക്,
                                   പൊന്നിൻചിങ്ങമാസത്തിലെ തിരുവോണനാളിൽ അങ്ങയുടെ വരവും കാത്ത് ഇരിക്ക്യുകയാണ് ഞങ്ങൾ.

“മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
ആമോദത്തോടെ വസിക്ക്യും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം”

എല്ലാ വർഷവും പൊന്നിൻ ചിങ്ങമാസത്തിൽ സ്വന്തം പ്രജകളെ കാണാൻ അങ്ങ് വന്നുചേരുംബോൾ കാതുകളിലേക്ക് ഓടിയെത്തുന്ന ഈ വരികൾ കേൾക്കുംബോൾ ദേവന്മാർ പോലും അസൂയപെട്ടിരുന്ന അങ്ങയുടെആ ഭരണകാലഘട്ടത്തിൽ ഒരു ദിവസമെങ്കിലും ജീവിക്ക്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ഒത്തിരി ആഗ്രഹിക്ക്യുമായിരുന്നു.

ഇന്നത്തെ നമ്മുടെ നാടിന്റെ സ്ഥ്തി എല്ലാം മാറി പോയി മാവേലി.

“ഇന്ന് നാട് വാഴുന്നത് ജനസേവനം എന്ന പേരിൽ നാണംക്കെട്ട രാഷ്ട്രീയം കളിക്ക്യുന്ന രാഷ്ട്രീയക്കാർ ആണ്.
മനുഷ്യരെല്ലാം മ്രുഗങ്ങളെ പോലെയും
ആമോദങ്ങളെല്ലാം ഇന്ന് അഭിനയങ്ങൾ ആയി മാറിയിരിക്ക്യുന്നു
ആപത്തുകൾ ഒരു നിഴൽ പൊലെ കൂടെയും
കള്ളവും ചതിയും പൊളിവചനങ്ങളും മാത്രമായി മാറിപോയി ലോകം”


നമ്മുടെ നാട് നന്മയിൽ നിന്നും തിന്മയിലേക്ക് പോയികൊണ്ടിരിക്ക്യുന്നു. നാടിനെ കട്ട് മുടിക്ക്യാൻ വേണ്ടി മാത്രം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ആണ് മാവേലി ഇന്ന് ഞങ്ങൽക്കുള്ളത്. പുസ്തകതാളുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നിയമ വ്യവസ്ഥകൾ ജനങ്ങളിലെ ഭീതി മായ്ച്ചു കളഞ്ഞിരിക്ക്യുന്നു. ഭീതിയില്ലാത്ത ജനം തെറ്റിൽ നിന്നും തെറ്റിലേക്ക് പാഞ്ഞോടുകയാണ്.

നമ്മളെല്ലാം അഭിമാനം കൊണ്ടിരുന്ന നാനാത്വത്തിൽ ഏകത്വം ഇന്ന് പ്രസംഗ വേദികളിൽ മാത്രം നിറഞ്ഞു നിൽക്കുന്നു. തുടച്ചു നീക്കപ്പെട്ടു എന്നു പറയുന്ന വിവേചനങ്ങൾ എല്ലാം ഇന്ന് കണ്മുൻപിൽ വളരെ വ്യക്തമായി വിളയാടികൊണ്ടിരിക്ക്യുന്നു.

ദൈവം വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ശക്തി ശ്രോതസ്സാണെന്നറിഞ്ഞിട്ടും അംഗീകരിക്ക്യാൻ ഇഷ്ടപ്പെടാത്ത ഒരു സമൂഹമായി മാറിയിരിക്ക്യുന്നു നമ്മുടെ സമൂഹം. ആ സമൂഹത്തിന്റെ ചെയ്തികൾ കാണുംബോൾ മതങ്ങൾ തമ്മിലടിക്ക്യാൻ വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ടതാണോ എന്നുവരെ തോന്നിപോകുന്നു. 

“ശ്യാമസുന്ദര കേര കേതാര ഭൂമി” എന്നും “കേര നിരകളാടും ഹരിത ചാരു തീരം” എന്നും “സഹ്യസാനു ശ്രുതി ചേർത്തു വച മണിവീണയാണെന്റെ കേരളം” എന്നുമൊക്കെ അഹങ്കാരത്തോടെ പാടിയിരുന്ന നമ്മൾ ഇന്ന് അത് പാടുംബോൾ ഒരല്പം ഒന്നു ആലോചിക്ക്യേണ്ടിയിരിക്ക്യുന്നു. അനധിക്രുതമായ കടന്നുകയറ്റങ്ങളും അതുപോലെ തന്നെ “അതിവേഗം ബഹുദൂരം” ചിന്താഗതിയിൽ മുഴുകിയിരിക്ക്യുന്ന ആധുനിക സമൂഹവും നമ്മുടെ തനതായ പ്രക്രുതിയെ നമ്മളിൽ നിന്നും അകറ്റികൊണ്ടിരിക്ക്യുന്നു.
                                                           
പറ നിറയെ പൊന്നളക്കും പൌർണ്ണമി രാവുകൾ എല്ലാം നമുക്ക് നഷ്ടപെട്ടിരിക്ക്യുന്നു മാവേലി. ഇന്ന് അതെല്ലാം അയൽ സംസ്ഥാനങ്ങളിലേക്ക് മാറ്റിയെഴുതപ്പെട്ടിരിക്ക്യുന്നു. കുളിച്ച് തൊഴുവാൻ തുംബപൂ കാവുകളില്ല, മുക്കുറ്റി ചെടികളില്ല. ഊഞ്ഞാൽ കെട്ടാൻ മരങ്ങൾക്ക് പകരം ഇന്ന് കോൺക്രീറ്റ് ബീമുകൾ ആണ്. വർഷത്തിൽ പത്ത് ദിവസം പൂക്കളമിടാൻ ഇന്ന് ഞങ്ങൾക്ക് അന്ന്യ സംസ്ഥാനങ്ങളിൽ നിന്നും പൂക്കൾ വരുന്നതും കാത്തിരിക്ക്യണം.

ഇതാണ് നമ്മുടെ ഇന്നത്തെ കേരളം. ഞാനുൾപ്പടെയുള്ള സമൂഹം ഇതിനുത്തരവാദികളാണെന്നറിഞ്ഞിട്ടും ആവശ്യകതകളുടെ നിസ്സഹായകതയിൽ കാലം കടന്ന് പോയികൊണ്ടിരിക്ക്യുന്നു.

നഷ്ടങ്ങളുടെ വേദനയിലും ദേവന്മാർ പോലും അസൂയപ്പെട്ടിരുന്ന അങ്ങയുടെ ഭരണകാലത്തേയും സേവന മനോഭാവത്തേയും ആദരിച്ചും കൊണ്ട് എല്ലാ വർഷവും ഞങ്ങൾ പോന്നിൻ ചിങ്ങമാസത്തിൽ ഞങ്ങൾ ഓണം കൊണ്ടാടുന്നു.

ദൈവത്തിന്റെ സ്വന്തം നാടായ ഈ പുണ്യഭൂമിയെ കാത്തുരക്ഷിക്ക്യുന്നതിന് അങ്ങ് ഒരിക്ക്യൽ കൂടി പിറവിയെടുക്കണം എന്ന ആത്മാർത്തമായ പ്രാർത്ഥനയോടെ നിർത്തുന്നു.


എന്ന്,

അഞ്ജലി പ്രജിത്ത്.
 w/o പ്രജിത്ത് വിശ്വംഭരൻ.
കോനിക്കര (പി.ഒ)
Near നേതാജി വായനശാല
ത്രിശ്ശൂർ ജില്ല
കേരളം

Wednesday 8 August 2012

“തുടക്കം”



ഒടുക്കങ്ങളേക്കാളധികം തുടക്കങ്ങൾ ആണ് നമ്മുടെ ജീവിതത്തിൽ. എന്താ അങ്ങിനെ അല്ലേ.? 

ഞാനും ഇപ്പോൾ ഒരു പുതിയ തുടക്കത്തിൽ ആണ്, മകൻ എന്ന വേഷതിൽ നിന്നും അച്ഛനെന്ന വേഷത്തിലേക്ക്യുള്ള പ്രയാണത്തിന്റെ തുടക്കം.

തുടക്കങ്ങൾ ഒട്ടനവധി…….


പിറന്നു വീണപ്പോൾ പകർന്നു കിട്ടിയ അമ്മിഞ്ഞ പാലിന്റെ പരിശുദ്ധിയിൽ തുടങ്ങുന്നു സ്നേഹത്തിന്റെ തുടക്കം.



മനസ്സിൽ സരസ്വതീ ദേവിയെ വന്ദിച്ചും കൊണ്ട് ഗുരുവിനാൽ കരം പിടിച്ച് മനസ്സിൽ ആദ്യാക്ഷരം കുറിക്ക്യുംബോൾ അതും അറിവിന്റെ ലോകത്തേക്ക്യുള്ള പ്രയാണത്തിന്റെ തുടക്കം.



ശൈശവത്തിലൂടെ കാലം കടന്ന് പോകുംബോൾ അവിടെ തുടങ്ങുന്നു കുസ്രുതിയുടേയും കുറുമ്പിന്റേയും തുടക്കം.




കൌമാരത്തിൽ കിട്ടിയ കളിക്കൂട്ടുക്കാരിയിൽ നിന്നും പ്രണയത്തിന്റെ തുടക്കം.



 പ്രണയത്തിന്റെ താഴ്വരയിൽ സ്വപ്നങ്ങളുടെ തുടക്കം.



സ്വപ്നങ്ങളുടെ നഷ്ടതയിൽ വേദനയുടെ തുടക്കം.


വേദനകൾക്കൊടുവിൽ പുതിയൊരു ദാമ്പത്യത്തിന്റെ തുടക്കം.


ദാമ്പത്യത്തിലൂടെ പുതിയൊരു ഉത്തരവാദിത്ത്വത്തിന്റെ തുടക്കം.


ഉത്തരവാദിത്ത്വങ്ങളിൽ തുടങ്ങുന്നു ജീവിതമൂല്യത്തിന്റെ തുടക്കം.


ജീവിതമൂല്യങ്ങളിൽ നിന്നും പുതിയൊരു തലമുറയുടെ തുടക്കം.


പുതിയ തലമുറയിൽ നാം കാണുന്നു പ്രതീക്ഷയുടെ തുടക്കം.


പ്രതീക്ഷകൾക്കൊടുവിൽ വിരഹത്തിന്റെ തുടക്കം.


വിരഹങ്ങൾകുമൊടുവിൽ തുടങ്ങുന്നു മരണത്തിന്റെ തുടക്കം.


കേട്ടറിവിന്റെ ലോകത്തെ പോലെ തുടങ്ങുമായിരിക്ക്യാം ഒരു പുനർജന്മത്തിന്റെ തുടക്കം.


Monday 6 February 2012

“ പാOo ഒന്ന് : ഒരു വിലാപം”




പ്രവാസ ജീവിതം ഒത്തിരി ആഗ്രഹിച്ച് അല്ലെങ്കിൽ ആഗ്രഹിച്ചപ്പോളേക്ക്യും അത് കരസ്ഥമാക്കാൻ ഭാഗ്യം ലഭിച്ച ഒരാൾ. അത് മറ്റാരുമല്ല ഈ ഞാൻ തന്നെയാണ്. അങ്ങിനെ പ്രശാന്തസുന്ദരമായ ത്രുശ്ശിവപേരൂറിന്റെ മടിത്തട്ടിൽ നിന്നും ചുട്ടുപഴുത്ത മണലാരണ്യത്തേക്ക് എന്തോ തേടി ഒരു യാത്ര.

ഇപ്പോൾ ഞാൻ ഇവിടെ..ഈ മരുഭൂമിയിൽ ഒരു പുഴ പോലെ, ചിലപ്പോൾ നിറഞ്ഞ് കവിഞ്ഞും, ചിലപ്പോൾ വറ്റി വരണ്ടും, മറ്റുചിലപ്പോൾ കാറ്റിന്റെ കൈകളിൽ ഊഞ്ഞാലാടിയും അങ്ങിനെ ഒഴുകി നീങ്ങിടുന്ന ജീവിതം.

പൂക്കളെയും പുഴകളെയും മഴയേയും മരങ്ങളേയും ഒരുപാടിഷ്ട്ടപെടുന്ന ഒരു പാവം പയ്യൻ. ഇപ്പോൾ ജീവിതത്തിന്റെ പച്ചയായ നേരുകൾക്ക്  മുന്നിൽ പകച്ച് നിൽക്കുന്ന, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കടൽ കടന്ന് വന്ന ഒരു പുതുപ്രവാസി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ സ്വയം ഉരുകി മറ്റുള്ളവർക്ക് വെളിച്ചം പകരുന്ന ഒരു മെഴുക് തിരിയായി ഇവിടെ ഈ ഈന്തപ്പനയുടെ നാട്ടിൽ, പിറന്ന നാടിന്റെയും പിച്ചവെച്ച മണ്ണിന്റെയും വരണ്ട ഓർമ്മകളേയും താലോലിച്ചും കൊണ്ട് ഒരു ജീവിതം.



സങ്കല്പങ്ങളിലെ പ്രവാസികളെ ഒന്നും എനിക്ക് ഇവിടെ കാണാൻ സാധിച്ചില്ല. കൊടുമുടികളെ പോലും തോല്പിക്ക്യുമാറ് വിരഹവേദനയും പേറി കുറേ കുഞ്ഞ് മനസ്സുകളെയാണ് എനിക്ക് ഈ മണ്ണിൽ കാണാൻ സാധിച്ചത്. ജീവിക്ക്യാൻ വേണ്ടി മരിക്ക്യുകയാണ് പാവങ്ങൾ ഇവിടെ. സാമൂഹികജീവിതത്തിൽ പണത്തിനുള്ള പങ്ക് അത് തന്നെയാണ് ഈ മരണതുല്യമായ ജീവിതത്തിന്റെ പ്രധാന കാരണവും. അതുകൊണ്ട് തന്നെ ധാർമ്മീകതയും സത്യസദ്ധതയും ഇവിടെ മഷിയിട്ട് നോക്കിയാൽ പോലും കാണാൻ സാധിക്ക്യുകയില്ല. “നാണം കെട്ടും പണം നേടുകിൽ നാണകേടാ പണം മാറ്റിടും” പുത്തൻ തലമുറയുടെ ചിന്താഗതി ഈ ഒരു മുദ്രാവാക്യത്തിൽ മാത്രം ഒതുങ്ങി കൂടിയിരിക്ക്യുന്നു.

നഷ്ടപ്പെടുന്നത് നന്മയുള്ള ഒരു ലോകം ആണെന്ന് ഓർക്കാത്ത സമൂഹം. ആ സമൂഹത്തിൽ ജീവിതം നഷ്ടപ്പെടുന്ന കുറേ മനസ്സുകൾ. വേദനയിൽപോലും ചിരിയുടെ ഭാവാഭിനയങ്ങൾ, വേദനയിൽ ചിരിക്ക്യാൻ പടിച്ചവർ. എല്ലാം ഉണ്ടായിട്ടും ഒന്നും അനുഭവിക്ക്യാൻ യോഗം ഇല്ലാത്തവർ. എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്ക്യാൻ വിധി എഴുതപ്പെട്ടവർ. കൂട്ടിലിട്ട കിളികളെ പോലെ ഒരു ജീവിതം. അവരുടെ കണ്ണുകളിൽ ഉദയാസ്തമയങ്ങൾക്ക് പോലും വ്യക്തതയില്ല.



ഒരിക്കൽ ഒരു സൌഹ്രുദസംഭാഷണത്തിൽ ഒരു സുഹ്രുത്തിന്റെ സങ്കടങ്ങൾ കേൾക്കാൻ ഇടയായി. കക്ഷി പ്രവാസജീവിതം തുടങ്ങിയിട്ട് 25 വർഷം തികയുന്നു. വർഷത്തിൽ ആകെയുള്ള 30 ദിവസം അവധിയിൽ അദ്ദേഹം തന്റെ പ്രിയ പത്നിയോടും മക്കളോടും കൂടെ സഹവസിച്ചത് വെറും രണ്ട് വർഷം. കേട്ടപ്പോൾ അതിശയിച്ച് പോയി. സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വെച്ച് താരാട്ട് പാടി ഉറക്കാൻ കൊതിക്ക്യുംബോളെല്ലാം കണ്ണീർ വറ്റുവോളം കരയുവാനേ ആ മനുഷ്യന് കഴിഞ്ഞിരുന്നുള്ളൂ എന്ന് പറഞ്ഞ് കരഞ്ഞ ആ മനുഷ്യന്റെ മുഖം എന്റെ മനസ്സിൽ വല്ലാതെ പതിഞ്ഞിരിക്ക്യുന്നു. അതിൽ നിന്നും ഉണരുന്ന ആശയങ്ങൾക്കും സന്ദേശങ്ങൾക്കും മുന്നിൽ വാക്കുകളില്ലാത്ത നാക്കിന്റെ നിസഹായകതയിൽ ഞാനും.

ഭർത്താവ് ഗൾഫിൽ ഉള്ള പ്രിയ സഹോദരിമാരേ, നിങ്ങൾ എത്രയോ ഭാഗ്യവതികൾ. നിങ്ങളെ ജിവനു തുല്യം, അല്ല ജീവനിലധികം സ്നേഹിക്കുന്നുണ്ട് അവർ. നിങ്ങൾക്ക് വേണ്ടി അവർ ഇവിടെ ഈ മണലാരണ്യങ്ങളിൽ സ്വയം ഉരുകി തീരുന്നു. അവരുടെയെല്ലാം ഒരു കൊച്ചനുജനെ പോലെ ഞാനും ഇപ്പോൾ ഇവിടെ ഈ ഈന്തപ്പനയുടെ നാട്ടിൽ പിറന്ന നാടിന്റെയും പിച്ചവെച്ച മണ്ണിന്റെയും വരണ്ട ഓർമ്മകളേയും താലോലിച്ചും കൊണ്ട്……