Friday, 9 December 2011

“…സ്വപ്നങ്ങൾ…”



സ്വപ്നങ്ങൾ കാണാത്തവരായി ആരെങ്കിലും ഉണ്ടോ..?

കണ്ണടച്ച് ഉത്തരം പറയാം അല്ലേ ഇല്ല എന്ന്

എന്താ അങ്ങിനെ അല്ലേ.? നിങ്ങളുടെ ജീവിതവും ഒരു പരിധി വരെ മുന്നോട്ട് നയിക്ക്യുന്നത് ഇതേ സ്വപ്നങ്ങൾ അല്ലേ.?

സ്വപ്നങ്ങൾ കാണുന്ന രീതിയിൽ വ്യത്യാസം ഉണ്ടായിരിക്ക്യും എങ്കിലും സ്വപ്നങ്ങൾ കാണാത്തവർ ആരും ഉണ്ടായിരിക്ക്യുകയില്ല.




സ്വപ്നങ്ങളെ ആഗ്രഹങ്ങൾ ആയി കാണുന്നവരുണ്ട്, ആഗ്രഹങ്ങളെ സ്വപ്നങ്ങൾ ആയി കാണുന്നവരും ഉണ്ട്. ആഗ്രഹങ്ങളെ സ്വപ്നങ്ങൾ ആയി കാണുന്നതിലും എനിക്കിഷ്ടം സ്വപ്നങ്ങളെ ആഗ്രഹങ്ങൾ ആയി കാണുന്നതിലാണ്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ് കേട്ടോനിങ്ങൾക്ക് നിങ്ങളുടെ ചോയ്സ് തിരഞ്ഞെടുക്കാം.

വ്യക്തി ചിന്തകൾക്ക് അനുസ്രുതമായി സ്വപ്നങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് വളരെ സ്പഷ്ടമായ കാര്യം ആണ്, എങ്കിലും സ്വപ്നപഥങ്ങളിൽ എത്തിചേരുന്നവർ വളരെ വിരളമായിരിക്ക്യും. കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ കാലത്തിൻ കല്പനെക്ക്യെന്തു മൂല്യം അല്ലേ?




ലോകമാകെ പാടിനടക്കുന്ന ഒരു സത്യവചനമുണ്ട് “കൊതിച്ചതല്ല വിധിച്ചതേ കിട്ടൂ എന്ന്”. അതിൽ നിന്നും വളരെ സ്പഷ്ടമാകുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്, നമ്മളെയെല്ലാം നിയന്ത്രിക്ക്യുന്ന ഒരു ശക്തി ഉണ്ട് എന്നത്. ആ ശക്തിശ്രോതസ്സിന്റെ ഇച്ഛാശക്തിക്ക്യനുസ്രുതമായ സ്വപ്നങ്ങൾ കാണുവാൻ ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്ക്യാനേ നമുക്ക് കഴിയൂ.

എങ്കിലും സ്വപ്നങ്ങൾക്ക് ജീവിതത്തിൽ വളരെ വലിയ പങ്കുണ്ട്. 




ഞാൻ എന്റെ ഒരു അഭിപ്രായം പറയട്ടെ!!


സ്വപ്നങ്ങൾ ഉള്ളിടത്തേ ആഗ്രഹങ്ങൾ ഉള്ളൂ…….
ആഗ്രഹങ്ങൾ ഉള്ളിടത്തേ അനേഷണങ്ങൾ ഉള്ളൂ..
അനേഷണങ്ങൾ ഉള്ളിടത്തേ പ്രയത്നങ്ങൾ ഉള്ളൂ..
പ്രയത്നങ്ങൾ ഉള്ളിടത്തേ കർമ്മങ്ങൾ ഉള്ളൂ..
കർമ്മങ്ങൾ ഉള്ളിടത്തേ ആരാധനയും വിശ്വാസങ്ങളൂം ഉള്ളൂ.. (ഭഗവത് ഗീതയിൽ ഒരു മഹത് വചനമുണ്ട്. “കർമ്മമാണ് ആരാധനയും കർമ്മം തന്നെയാണ് വിശ്വാസവും എന്ന്” )
ആരാധനയും വിശ്വാസങ്ങളും ഉള്ളിടത്തേ വിജയങ്ങളും ഉള്ളൂ…….



“സ്വപ്നങ്ങൾ, സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ..
നിങ്ങളീ ഭൂമിയിൽ ഇല്ലാതിരുന്നെങ്കിൽ നിശ്ചയം ശൂന്യമീ ലോകം” എന്ന് മഹാകവിയും പണ്ഢിതനും തത്വജ്ഞാനിയും ആയ ജിത്തു പണ്ട് പാടിയിട്ടുണ്ട് (നാഷണൽ അവാർഡ് കിട്ടിയത്കൊണ്ട് നിങ്ങൾ എല്ലാവരും അത് കേട്ടിരിക്ക്യും എന്ന് എനിക്ക്യറിയാം). ഇപ്പോൾ  എന്തേ പാടാത്തത് എന്ന് ചോദിച്ചാൽ ഉത്തരം വളരെ ലളിതം, ഇപ്പോൾ ടൈം ഇല്ല [പെണ്ണിനേയും അനേഷിച്ച് സകല Matrimony കളും കയറി ഇറങ്ങുകയാണ്.പാവം ഞാൻ അല്ലേ? നിങ്ങളും എനിക്ക് വേണ്ടി പ്രാർത്ഥിക്ക്യണേ.(സൈക്കിൾ ചന്ദനതിരികൾ വാങ്ങിയവർക്കായി ഇതാ പ്രാർത്ഥിക്ക്യാൻ ഒരു കാരണം കൂടി) ]

ഹി ഹി ഹി…….ശൊ, ഈ എന്നെകോണ്ട് തോറ്റു ഞാൻ…….




സ്വപ്നങ്ങൾ എന്നും വിജയങ്ങൾ ആകട്ടെ എന്നാണ് ഏതൊരു മനുഷ്യന്റെയും പ്രാർത്ഥന.

പ്രപഞ്ചശക്തി എനിക്ക്യു തരുന്ന പാതയിൽ എന്റെ സ്വപ്നങ്ങളും ഉണ്ടായിരിക്ക്യട്ടെ എന്നാണ് എന്റെ ആത്മാർത്ഥമായ പ്രാർത്ഥന.





Friday, 2 December 2011

“എന്റെ പ്രിയ്യപ്പെട്ട 11 ഷർട്ട് ” (എന്നുമെന്റെ കുട്ടികുപ്പായം)




കുഞ്ഞ്ന്നാളിൽ എന്നെ  ഷർട്ട് ഇടുവിക്ക്യുക എന്ന് പറഞ്ഞാൽ അതൊരു ചടങ്ങാണ്. പൈസ ലാഭം നോക്കി അച്ഛൻ വാങ്ങികൊണ്ടുവരുന്ന ചെറു ചെമ്മീൻ നന്നാക്കുന്നതിലും പാടാണ് ഇവനെ ഷർട്ട് ഇടുവിക്ക്യാൻ എന്ന് അമ്മ എപ്പോളും പറയുമായിരുന്നു.



അങ്ങനെ ഇരിക്ക്യുന്ന കാലത്താണ് എനിക്ക് ഒരു ഷർട്ട് കിട്ടുന്നത്. എന്റെ പ്രിയ്യപ്പെട്ട 11 ഷർട്ട്. 11 ഷർട്ട് എന്ന് പറഞ്ഞപ്പോൾ ആർക്കും അത്ര പെട്ടെന്ന് മനസിലായി കാണില്ല അല്ലേ.? ഒരു കാപ്പി കളർ ഷർട്ടിൽ 11 കൾ കൊണ്ട് ഡിസൈൻ ചെയ്തിരിക്ക്യുന്നു.ആകെ അന്ന് എനിക്ക് എണ്ണാൻ അറിയുന്നത് 11 വരെയാണ്. പക്ഷേ ഞാൻ എണ്ണാൻ തുടങ്ങിയാൽ നിർത്തില്ല എന്ന് മാത്രം. 11 കഴിഞ്ഞാൽ വീണ്ടും 1 മുതൽ തുടങ്ങും. തീവണ്ടി വിട്ടത് പോലെ ഞാൻ എണ്ണുന്നതും കേട്ട് മറ്റുള്ളവർ ചിരിക്ക്യുബോളും എന്റെ വിചാരം ഞാൻ മുഴുവൻ എണ്ണാൻ പടിച്ചു എന്നാണ്.




അങ്ങിനെ 11 ഷർട്ടിനോടുള്ള എന്റെ പ്രണയം വിടപറയാൻ പറ്റാത്തവിധം ഗാഢമായിതീർന്നു. കുളിച്ചാലും കുളിച്ചില്ലെങ്കിലും അലക്കിയാലും അലക്കിയില്ലെങ്കിലും ഞാൻ എന്നും ഉടുത്തിരുന്നത് ഇതേ ഷർട്ട് ആണ്. 11 ഷർട്ട് എന്ന പെര് എന്റെ മനസ്സിൽ മാത്രമാണുണ്ടായിരുന്നത്. മറ്റുള്ളവർക്കെല്ലാം അത് കാപ്പി കളർ ഷർട്ട് ആ‍യിരുന്നു. ഞാൻ എന്റെ ഉള്ളിൽ താലോലിച്ച് കോണ്ട് നടന്നിരുന്ന പേരു 11 ഷർട്ട് എന്നാണ്.

അങ്ങനെ വീട്ടുക്കാർ എല്ലാവർക്കും സന്തോഷം ആയി. കാരണം ഈ ഷർട്ട് കിട്ടിയതിന് ശേഷം എന്നെ ഷർട്ട് ഇടുവിക്ക്യാൻ ആർക്കും തലവേദന ഇല്ല. പിന്നെ പിന്നെ ആ ഷർട്ട് അലക്കുക എന്നത് ഒരു തലവേദനയായി മാറി. ഞാൻ ഊരിയിട്ട് വേണ്ടേ അത് അലക്കാൻ. എന്നും ഒരേ ഷർട്ട്. അങ്ങിനെ ആ ഷർട്ട് അലക്കിയിടാൻ ഞാൻ ഉറങ്ങുന്നതും കാത്തിരിക്ക്യണം അമ്മക്ക്. ഉണരുന്നതിന് മുൻപ് അലക്കി ഉണക്കുകയും വേണം.



“പിശുക്കനാ‍യ അച്ഛന് പറ്റിയ മകൻ. അച്ഛന് മോനുവേണ്ടി ഷർട്ട് എടുത്ത് കാശു കളയേണ്ടി വരില്ല. രണ്ട് കാപ്പി കളർ ഷർട്ട് എടുത്താൽ മാത്രം മതി“. അമ്മയുടെ സ്ഥിരം ഡയലോഗ് ആയിരുന്നു അത്.

അങ്ങനെ അമിതമായ ഉപയോഗം കാരണം കാപ്പി കളർ ഷർട്ട് (എന്റെ 11 ഷർട്ട്) വേഗം തന്നെ കേടാവാൻ തുടങ്ങി. അതുകൊണ്ട് അമ്മ വളരെ തന്ത്രപരമായി 11 ഷർട്ടിനെ എന്നിൽ നിന്നും പയ്യെ പയ്യെ അകറ്റി മാറ്റി.

അങ്ങനെ ഒരിക്ക്യൽ എല്ലാവരും അമ്മവീട്ടിൽ പോകാൻ ഒരുങ്ങുകയായിരുന്നു. അമ്മ വീട്ടിൽ പോകാം എന്ന് പറഞ്ഞാൽ അമ്മയുടെ ഉത്സാഹം ഒന്നു കാണണം. സൂപ്പർ ലോട്ടോ അടിചത് പോലെ ആണ്. അല്ലേൽ 6 മണി ആയാലും എഴുന്നേൽക്കാത്ത ആൾ അന്ന് 3 മണിക്ക് എഴുന്നേൽക്കും. അതിനും കാരണം ഉണ്ട്.





ഞങ്ങൾ 3 കൂതറകളെ ഒന്ന് കാണാൻ കൊള്ളാവുന്ന കോലം ആക്കി എടുക്കക എന്നതു അത്ര എളുപ്പം ഉള്ള കാര്യം അല്ല. ഒന്നിനെ അണിയിച്ചൊരുക്കി അടുത്തതിനെഅണിയിച്ചൊരുക്കാൻ തുടങ്ങുംബോൾ ആയിരിക്ക്യും ആദ്യത്തെ മഹാൻ മണ്ണപ്പം ചുട്ട് കളീക്ക്യാൻ പോകുന്നത്. എന്നിട്ട് മൂന്നാമത്തേതിനേയും അണിയിച്ചൊരുക്കി തിരിഞ്ഞ് നോക്കുംബോൾ ആയിരിക്ക്യും ആദ്യത്തെ 2 മഹാന്മാരും “I am a complan boy” എന്നും പറഞ്ഞ് ഷർട്ടിലും ട്രൌസറിലും മുഴുവൻ ചെളിയും ആയി വന്ന് നിൽക്കുന്നത്.





പക്ഷേ അന്നത്തെ ദിവസത്തെ പ്രശ്നം ഇതൊന്നും അല്ല ആയിരുന്നത്. എവിടെയ്ക്കെങ്കിലും വിരുന്ന് പോകുന്ന ദിവസങ്ങളിൽ അമ്മ സാധാരണ മൂന്നിനേയും കുളിപ്പിച്ച് കഴിഞ്ഞാൽ പശു കുട്ടികളെ മേയാൻ വിട്ടതുപോലെ പുതിയ കുപ്പായങ്ങൾ ഇരിക്ക്യുന്ന മുറിയില്ലേക്ക് കയറ്റി വിടും. മൂന്ന് പേരും പോയി അവരവർക്ക് ഇഷ്ടം ഉള്ളത് ഒരോന്ന് എടുക്കും. അതാണ് പതിവ്. ഇന്നും അങ്ങിനെ തന്നെ ചെയ്തു. മറ്റ് രണ്ടുപേരും അവർക്കു ഇഷ്ടം ഉള്ള കുപ്പായം എടുത്ത് ധരിച്ചു. അമ്മ കുളി കഴിഞ്ഞു വരുംബോൾ ഒരു മഹാൻ മാത്രം അതാ ട്രൌസറിൽ നിൽക്കുന്നു.



അമ്മ : വേഗം കുപ്പായം ഇട് മോനേനമുക്ക് പോകണ്ടേ..!!!



അതൊന്നും കേട്ടിട്ടും നമ്മുടെ മഹാന് ഒരു കൂസലും ഇല്ല.


അമ്മക്ക് മനസ്സിലായി. ഇത് എന്തോ കുഴപ്പം ഉണ്ട്. ഇന്നത്തെ പോക്ക് ഇവൻ കൊളമാക്കും എന്നാ തോന്നുന്നത്. അതുകൊണ്ട് തന്നെ ഉള്ളതിൽ വച്ച് ഏറ്റവും ഭംഗിയുള്ള ഷർട്ടുകൾ എടുത്ത് അമ്മ തന്നു തുടങ്ങി. അതൊന്നും നമ്മുടെ മഹാന് പറ്റില്ല.



അവസാനം അമ്മ അവനോട് ചോദിച്ചു. മോന് ഏത് ഷർട്ട് ആണ് വേണ്ടത്……?

ജിത്തു : എനിക്ക് 11 ഷർട്ട് മതി.
അമ്മ : 11 ഷർട്ടോ.?


അമ്മ ഞെട്ടിപ്പോയി. ഒരു ഷർട്ട് പോലും ഇടാൻ സമ്മതിക്ക്യാത്തവൻ 11 ഷർട്ട് വേണം എന്നും പറഞ്ഞു വാശി പിടിക്ക്യുന്നു. ഇവൻ ഇന്നത്തെ പോക്ക് കൊളമാക്കിയത് തന്നെ എന്ന് അമ്മ മനസ്സിൽ ഉറപ്പിച്ചു.


എനിക്ക് 11 ഷർട്ട് മതി എന്നും പറഞ്ഞ് ഞാൻ മേളം ആരംഭിച്ചു. വേറെ ഒരു കുപ്പായം ഇടാനും സമ്മതിക്ക്യുന്നില്ല നമ്മുടെ മഹാൻ.



മറ്റുള്ള ദിവസങ്ങളിലെ പോലെ മറ്റ് രണ്ട് മഹാന്മാരും യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. വളരെ ശാന്തരായി ഇരിപ്പാണ് രണ്ടുപേരും. ഇന്ന് ഇവൻ തന്നെ ധാരാളം എന്ന് തോന്നികാണും അവർക്ക്. അതായിരിക്ക്യും അവർ മിണ്ടാതിരിക്ക്യുന്നത്.



അമിതമായ ഉപയോഗം കാരണം കേട് വരാൻ തുടങ്ങിയ എന്റെ പ്രിയപ്പെട്ട 11 ഷർട്ട് ( വീട്ടുക്കാരുടെ കാപ്പി കളർ ഷർട്ട്) അമ്മ പഴയ തുണികളുടെ കൂട്ടത്തിൽ കെട്ടി വച്ചിരിക്ക്യുകയാണ്. അവരറിയുന്നില്ല ഞാൻ വാശി പിടിക്ക്യുന്നത് ആ ഷർട്ടിന് വേണ്ടിയാണെന്ന്.




എന്നെ തല്ലിയിട്ട് കാര്യമില്ലെന്ന് അമ്മക്ക് നല്ല പോലെ അറിയാം. അതുകോണ്ട് തന്നെ വളരെ സ്നേഹത്തോടെ എന്റെ അരികിൽ വന്ന് കൊച്ച് കുട്ടികൾ ഷർട്ട് ഇട്ടില്ലെങ്കിലും കുഴപ്പമില്ല എന്നും പറഞ്ഞ് എന്നെ ആ വേഷത്തിലെങ്കിലും കൊണ്ട് പോകാനുള്ള ശ്രമം തുടങ്ങി.


പണ്ടുകാലത്തും വാശിയിലും ബുദ്ധിയിലും ഞാൻ ഒട്ടും പിറകോട്ടല്ലായിരുന്നു. അപ്പോൾ തന്നെ ഉടുത്തിരുന്ന വെള്ള ട്രൌസർ ഞാൻ ഊരി വലിച്ചെറിഞ്ഞ് ജാക്കിജാൻ സ്റ്റൈലിൽ ഇനി എങ്ങനെ എന്നെ കൊണ്ടുപോകും എന്ന മട്ടിൽ മസിലും പിടിച്ച് നിൽ‌പ്പാണ്.



മേളം കേട്ട് കൊണ്ട് വല്ല്യമ്മയും മേമ്മയും വീട്ടിലെത്തി. അവസാനം വീട്ടിലെ മുഴുവൻ തുണികളും എന്റെ മുന്നിൽ നിരത്തി. അതിലൊന്നും നമ്മുടെ മഹാന് ആവശ്യമുള്ള ഷർട്ടില്ല. അവസാനം ഈ സർക്കസ് എല്ലാം കണ്ട് നിന്നിരുന്ന വല്ല്യമ്മ പറഞ്ഞു, ചിലപ്പോൾ ആ കാപ്പി കളർ ഷർട്ടിന് വേണ്ടിയായിരിക്ക്യും ഈ വാശി പിടിക്ക്യുന്നത് അതെവിടെ എന്ന് ചോദിച്ചു.

അങ്ങനെ അമ്മ ആ പഴയ തുണികളുടെ കെട്ട് അഴിച്ചതും പാമ്പ് ഇര വിഴുങ്ങുന്നത് പോലെ നമ്മുടെ മഹാൻ ചാടി ആ ഷർട്ട് തന്നെ എടുത്തു. ഇടിവെട്ടി തീർന്നതു പോലെ നമ്മുടെ മഹാൻ പെട്ടെന്ന് തന്നെ കരച്ചിലും നിർത്തി. അപ്പോളാണ് വീട്ടുകാർ ആ ഷർട്ടിൽ സൂക്ഷിച്ച് നോക്കുന്നത്. അതിൽ കൊടുത്തിരിക്ക്യുന്ന ഡിസൈൻ സൂകഷിച്ച് നോക്കിയാൽ 11 എന്ന് വായിക്ക്യാം.

അങ്ങിനെ നമ്മുടെ മഹാൻ വെള്ള ട്രൌസറും കാപ്പികളർ ഷർട്ടും (എന്റെ 11 ഷർട്ട്) അണിഞ്ഞ് ( നല്ല കളർ കോംബിനേഷൻ അല്ലെ?) ഒരു ജോക്കർ നെ പോലെ അമ്മവീട്ടിലേക്ക് യാത്രയായി.
അമ്മവീട്ടിലെത്തിയ മഹാന്റെ കോലം കണ്ട് എല്ലാവരും ചിറി തുടങ്ങി. അവരുടെ ചിരിയുടെ ആഴം മനസ്സിലാക്കിയ ഞാൻ അന്ന് തന്നെ ഒരു തീരുമാനമെടുത്തു.
“ഇനിമേലാൽ എന്റെ ചോയ്സിൽ ഞാൻ എനിക്ക് കുപ്പായം എടുക്കില്ല എന്ന്”