പ്രവാസ ജീവിതം ഒത്തിരി ആഗ്രഹിച്ച് അല്ലെങ്കിൽ ആഗ്രഹിച്ചപ്പോളേക്ക്യും അത് കരസ്ഥമാക്കാൻ ഭാഗ്യം ലഭിച്ച ഒരാൾ. അത് മറ്റാരുമല്ല ഈ ഞാൻ തന്നെയാണ്. അങ്ങിനെ പ്രശാന്തസുന്ദരമായ ത്രുശ്ശിവപേരൂറിന്റെ മടിത്തട്ടിൽ നിന്നും ചുട്ടുപഴുത്ത മണലാരണ്യത്തേക്ക് എന്തോ തേടി ഒരു യാത്ര.
ഇപ്പോൾ ഞാൻ ഇവിടെ…..ഈ മരുഭൂമിയിൽ ഒരു പുഴ പോലെ, ചിലപ്പോൾ നിറഞ്ഞ് കവിഞ്ഞും, ചിലപ്പോൾ വറ്റി വരണ്ടും, മറ്റുചിലപ്പോൾ കാറ്റിന്റെ കൈകളിൽ ഊഞ്ഞാലാടിയും അങ്ങിനെ ഒഴുകി നീങ്ങിടുന്ന ജീവിതം.
പൂക്കളെയും പുഴകളെയും മഴയേയും മരങ്ങളേയും ഒരുപാടിഷ്ട്ടപെടുന്ന ഒരു പാവം പയ്യൻ. ഇപ്പോൾ ജീവിതത്തിന്റെ പച്ചയായ നേരുകൾക്ക് മുന്നിൽ പകച്ച് നിൽക്കുന്ന, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കടൽ കടന്ന് വന്ന ഒരു പുതുപ്രവാസി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ സ്വയം ഉരുകി മറ്റുള്ളവർക്ക് വെളിച്ചം പകരുന്ന ഒരു മെഴുക് തിരിയായി ഇവിടെ ഈ ഈന്തപ്പനയുടെ നാട്ടിൽ, പിറന്ന നാടിന്റെയും പിച്ചവെച്ച മണ്ണിന്റെയും വരണ്ട ഓർമ്മകളേയും താലോലിച്ചും കൊണ്ട് ഒരു ജീവിതം.
സങ്കല്പങ്ങളിലെ പ്രവാസികളെ ഒന്നും എനിക്ക് ഇവിടെ കാണാൻ സാധിച്ചില്ല. കൊടുമുടികളെ പോലും തോല്പിക്ക്യുമാറ് വിരഹവേദനയും പേറി കുറേ കുഞ്ഞ് മനസ്സുകളെയാണ് എനിക്ക് ഈ മണ്ണിൽ കാണാൻ സാധിച്ചത്. ജീവിക്ക്യാൻ വേണ്ടി മരിക്ക്യുകയാണ് പാവങ്ങൾ ഇവിടെ. സാമൂഹികജീവിതത്തിൽ പണത്തിനുള്ള പങ്ക് അത് തന്നെയാണ് ഈ മരണതുല്യമായ ജീവിതത്തിന്റെ പ്രധാന കാരണവും. അതുകൊണ്ട് തന്നെ ധാർമ്മീകതയും സത്യസദ്ധതയും ഇവിടെ മഷിയിട്ട് നോക്കിയാൽ പോലും കാണാൻ സാധിക്ക്യുകയില്ല. “നാണം കെട്ടും പണം നേടുകിൽ നാണകേടാ പണം മാറ്റിടും” പുത്തൻ തലമുറയുടെ ചിന്താഗതി ഈ ഒരു മുദ്രാവാക്യത്തിൽ മാത്രം ഒതുങ്ങി കൂടിയിരിക്ക്യുന്നു.
നഷ്ടപ്പെടുന്നത് നന്മയുള്ള ഒരു ലോകം ആണെന്ന് ഓർക്കാത്ത സമൂഹം. ആ സമൂഹത്തിൽ ജീവിതം നഷ്ടപ്പെടുന്ന കുറേ മനസ്സുകൾ. വേദനയിൽപോലും ചിരിയുടെ ഭാവാഭിനയങ്ങൾ, വേദനയിൽ ചിരിക്ക്യാൻ പടിച്ചവർ. എല്ലാം ഉണ്ടായിട്ടും ഒന്നും അനുഭവിക്ക്യാൻ യോഗം ഇല്ലാത്തവർ. എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്ക്യാൻ വിധി എഴുതപ്പെട്ടവർ. കൂട്ടിലിട്ട കിളികളെ പോലെ ഒരു ജീവിതം. അവരുടെ കണ്ണുകളിൽ ഉദയാസ്തമയങ്ങൾക്ക് പോലും വ്യക്തതയില്ല.
ഒരിക്കൽ ഒരു സൌഹ്രുദസംഭാഷണത്തിൽ ഒരു സുഹ്രുത്തിന്റെ സങ്കടങ്ങൾ കേൾക്കാൻ ഇടയായി. കക്ഷി പ്രവാസജീവിതം തുടങ്ങിയിട്ട് 25 വർഷം തികയുന്നു. വർഷത്തിൽ ആകെയുള്ള 30 ദിവസം അവധിയിൽ അദ്ദേഹം തന്റെ പ്രിയ പത്നിയോടും മക്കളോടും കൂടെ സഹവസിച്ചത് വെറും രണ്ട് വർഷം. കേട്ടപ്പോൾ അതിശയിച്ച് പോയി. സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വെച്ച് താരാട്ട് പാടി ഉറക്കാൻ കൊതിക്ക്യുംബോളെല്ലാം കണ്ണീർ വറ്റുവോളം കരയുവാനേ ആ മനുഷ്യന് കഴിഞ്ഞിരുന്നുള്ളൂ എന്ന് പറഞ്ഞ് കരഞ്ഞ ആ മനുഷ്യന്റെ മുഖം എന്റെ മനസ്സിൽ വല്ലാതെ പതിഞ്ഞിരിക്ക്യുന്നു. അതിൽ നിന്നും ഉണരുന്ന ആശയങ്ങൾക്കും സന്ദേശങ്ങൾക്കും മുന്നിൽ വാക്കുകളില്ലാത്ത നാക്കിന്റെ നിസഹായകതയിൽ ഞാനും.
ഭർത്താവ് ഗൾഫിൽ ഉള്ള പ്രിയ സഹോദരിമാരേ, നിങ്ങൾ എത്രയോ ഭാഗ്യവതികൾ. നിങ്ങളെ ജിവനു തുല്യം, അല്ല ജീവനിലധികം സ്നേഹിക്കുന്നുണ്ട് അവർ. നിങ്ങൾക്ക് വേണ്ടി അവർ ഇവിടെ ഈ മണലാരണ്യങ്ങളിൽ സ്വയം ഉരുകി തീരുന്നു. അവരുടെയെല്ലാം ഒരു കൊച്ചനുജനെ പോലെ ഞാനും ഇപ്പോൾ ഇവിടെ ഈ ഈന്തപ്പനയുടെ നാട്ടിൽ പിറന്ന നാടിന്റെയും പിച്ചവെച്ച മണ്ണിന്റെയും വരണ്ട ഓർമ്മകളേയും താലോലിച്ചും കൊണ്ട്……


