Friday, 9 December 2011

“…സ്വപ്നങ്ങൾ…”



സ്വപ്നങ്ങൾ കാണാത്തവരായി ആരെങ്കിലും ഉണ്ടോ..?

കണ്ണടച്ച് ഉത്തരം പറയാം അല്ലേ ഇല്ല എന്ന്

എന്താ അങ്ങിനെ അല്ലേ.? നിങ്ങളുടെ ജീവിതവും ഒരു പരിധി വരെ മുന്നോട്ട് നയിക്ക്യുന്നത് ഇതേ സ്വപ്നങ്ങൾ അല്ലേ.?

സ്വപ്നങ്ങൾ കാണുന്ന രീതിയിൽ വ്യത്യാസം ഉണ്ടായിരിക്ക്യും എങ്കിലും സ്വപ്നങ്ങൾ കാണാത്തവർ ആരും ഉണ്ടായിരിക്ക്യുകയില്ല.




സ്വപ്നങ്ങളെ ആഗ്രഹങ്ങൾ ആയി കാണുന്നവരുണ്ട്, ആഗ്രഹങ്ങളെ സ്വപ്നങ്ങൾ ആയി കാണുന്നവരും ഉണ്ട്. ആഗ്രഹങ്ങളെ സ്വപ്നങ്ങൾ ആയി കാണുന്നതിലും എനിക്കിഷ്ടം സ്വപ്നങ്ങളെ ആഗ്രഹങ്ങൾ ആയി കാണുന്നതിലാണ്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ് കേട്ടോനിങ്ങൾക്ക് നിങ്ങളുടെ ചോയ്സ് തിരഞ്ഞെടുക്കാം.

വ്യക്തി ചിന്തകൾക്ക് അനുസ്രുതമായി സ്വപ്നങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് വളരെ സ്പഷ്ടമായ കാര്യം ആണ്, എങ്കിലും സ്വപ്നപഥങ്ങളിൽ എത്തിചേരുന്നവർ വളരെ വിരളമായിരിക്ക്യും. കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ കാലത്തിൻ കല്പനെക്ക്യെന്തു മൂല്യം അല്ലേ?




ലോകമാകെ പാടിനടക്കുന്ന ഒരു സത്യവചനമുണ്ട് “കൊതിച്ചതല്ല വിധിച്ചതേ കിട്ടൂ എന്ന്”. അതിൽ നിന്നും വളരെ സ്പഷ്ടമാകുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്, നമ്മളെയെല്ലാം നിയന്ത്രിക്ക്യുന്ന ഒരു ശക്തി ഉണ്ട് എന്നത്. ആ ശക്തിശ്രോതസ്സിന്റെ ഇച്ഛാശക്തിക്ക്യനുസ്രുതമായ സ്വപ്നങ്ങൾ കാണുവാൻ ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്ക്യാനേ നമുക്ക് കഴിയൂ.

എങ്കിലും സ്വപ്നങ്ങൾക്ക് ജീവിതത്തിൽ വളരെ വലിയ പങ്കുണ്ട്. 




ഞാൻ എന്റെ ഒരു അഭിപ്രായം പറയട്ടെ!!


സ്വപ്നങ്ങൾ ഉള്ളിടത്തേ ആഗ്രഹങ്ങൾ ഉള്ളൂ…….
ആഗ്രഹങ്ങൾ ഉള്ളിടത്തേ അനേഷണങ്ങൾ ഉള്ളൂ..
അനേഷണങ്ങൾ ഉള്ളിടത്തേ പ്രയത്നങ്ങൾ ഉള്ളൂ..
പ്രയത്നങ്ങൾ ഉള്ളിടത്തേ കർമ്മങ്ങൾ ഉള്ളൂ..
കർമ്മങ്ങൾ ഉള്ളിടത്തേ ആരാധനയും വിശ്വാസങ്ങളൂം ഉള്ളൂ.. (ഭഗവത് ഗീതയിൽ ഒരു മഹത് വചനമുണ്ട്. “കർമ്മമാണ് ആരാധനയും കർമ്മം തന്നെയാണ് വിശ്വാസവും എന്ന്” )
ആരാധനയും വിശ്വാസങ്ങളും ഉള്ളിടത്തേ വിജയങ്ങളും ഉള്ളൂ…….



“സ്വപ്നങ്ങൾ, സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ..
നിങ്ങളീ ഭൂമിയിൽ ഇല്ലാതിരുന്നെങ്കിൽ നിശ്ചയം ശൂന്യമീ ലോകം” എന്ന് മഹാകവിയും പണ്ഢിതനും തത്വജ്ഞാനിയും ആയ ജിത്തു പണ്ട് പാടിയിട്ടുണ്ട് (നാഷണൽ അവാർഡ് കിട്ടിയത്കൊണ്ട് നിങ്ങൾ എല്ലാവരും അത് കേട്ടിരിക്ക്യും എന്ന് എനിക്ക്യറിയാം). ഇപ്പോൾ  എന്തേ പാടാത്തത് എന്ന് ചോദിച്ചാൽ ഉത്തരം വളരെ ലളിതം, ഇപ്പോൾ ടൈം ഇല്ല [പെണ്ണിനേയും അനേഷിച്ച് സകല Matrimony കളും കയറി ഇറങ്ങുകയാണ്.പാവം ഞാൻ അല്ലേ? നിങ്ങളും എനിക്ക് വേണ്ടി പ്രാർത്ഥിക്ക്യണേ.(സൈക്കിൾ ചന്ദനതിരികൾ വാങ്ങിയവർക്കായി ഇതാ പ്രാർത്ഥിക്ക്യാൻ ഒരു കാരണം കൂടി) ]

ഹി ഹി ഹി…….ശൊ, ഈ എന്നെകോണ്ട് തോറ്റു ഞാൻ…….




സ്വപ്നങ്ങൾ എന്നും വിജയങ്ങൾ ആകട്ടെ എന്നാണ് ഏതൊരു മനുഷ്യന്റെയും പ്രാർത്ഥന.

പ്രപഞ്ചശക്തി എനിക്ക്യു തരുന്ന പാതയിൽ എന്റെ സ്വപ്നങ്ങളും ഉണ്ടായിരിക്ക്യട്ടെ എന്നാണ് എന്റെ ആത്മാർത്ഥമായ പ്രാർത്ഥന.





Friday, 2 December 2011

“എന്റെ പ്രിയ്യപ്പെട്ട 11 ഷർട്ട് ” (എന്നുമെന്റെ കുട്ടികുപ്പായം)




കുഞ്ഞ്ന്നാളിൽ എന്നെ  ഷർട്ട് ഇടുവിക്ക്യുക എന്ന് പറഞ്ഞാൽ അതൊരു ചടങ്ങാണ്. പൈസ ലാഭം നോക്കി അച്ഛൻ വാങ്ങികൊണ്ടുവരുന്ന ചെറു ചെമ്മീൻ നന്നാക്കുന്നതിലും പാടാണ് ഇവനെ ഷർട്ട് ഇടുവിക്ക്യാൻ എന്ന് അമ്മ എപ്പോളും പറയുമായിരുന്നു.



അങ്ങനെ ഇരിക്ക്യുന്ന കാലത്താണ് എനിക്ക് ഒരു ഷർട്ട് കിട്ടുന്നത്. എന്റെ പ്രിയ്യപ്പെട്ട 11 ഷർട്ട്. 11 ഷർട്ട് എന്ന് പറഞ്ഞപ്പോൾ ആർക്കും അത്ര പെട്ടെന്ന് മനസിലായി കാണില്ല അല്ലേ.? ഒരു കാപ്പി കളർ ഷർട്ടിൽ 11 കൾ കൊണ്ട് ഡിസൈൻ ചെയ്തിരിക്ക്യുന്നു.ആകെ അന്ന് എനിക്ക് എണ്ണാൻ അറിയുന്നത് 11 വരെയാണ്. പക്ഷേ ഞാൻ എണ്ണാൻ തുടങ്ങിയാൽ നിർത്തില്ല എന്ന് മാത്രം. 11 കഴിഞ്ഞാൽ വീണ്ടും 1 മുതൽ തുടങ്ങും. തീവണ്ടി വിട്ടത് പോലെ ഞാൻ എണ്ണുന്നതും കേട്ട് മറ്റുള്ളവർ ചിരിക്ക്യുബോളും എന്റെ വിചാരം ഞാൻ മുഴുവൻ എണ്ണാൻ പടിച്ചു എന്നാണ്.




അങ്ങിനെ 11 ഷർട്ടിനോടുള്ള എന്റെ പ്രണയം വിടപറയാൻ പറ്റാത്തവിധം ഗാഢമായിതീർന്നു. കുളിച്ചാലും കുളിച്ചില്ലെങ്കിലും അലക്കിയാലും അലക്കിയില്ലെങ്കിലും ഞാൻ എന്നും ഉടുത്തിരുന്നത് ഇതേ ഷർട്ട് ആണ്. 11 ഷർട്ട് എന്ന പെര് എന്റെ മനസ്സിൽ മാത്രമാണുണ്ടായിരുന്നത്. മറ്റുള്ളവർക്കെല്ലാം അത് കാപ്പി കളർ ഷർട്ട് ആ‍യിരുന്നു. ഞാൻ എന്റെ ഉള്ളിൽ താലോലിച്ച് കോണ്ട് നടന്നിരുന്ന പേരു 11 ഷർട്ട് എന്നാണ്.

അങ്ങനെ വീട്ടുക്കാർ എല്ലാവർക്കും സന്തോഷം ആയി. കാരണം ഈ ഷർട്ട് കിട്ടിയതിന് ശേഷം എന്നെ ഷർട്ട് ഇടുവിക്ക്യാൻ ആർക്കും തലവേദന ഇല്ല. പിന്നെ പിന്നെ ആ ഷർട്ട് അലക്കുക എന്നത് ഒരു തലവേദനയായി മാറി. ഞാൻ ഊരിയിട്ട് വേണ്ടേ അത് അലക്കാൻ. എന്നും ഒരേ ഷർട്ട്. അങ്ങിനെ ആ ഷർട്ട് അലക്കിയിടാൻ ഞാൻ ഉറങ്ങുന്നതും കാത്തിരിക്ക്യണം അമ്മക്ക്. ഉണരുന്നതിന് മുൻപ് അലക്കി ഉണക്കുകയും വേണം.



“പിശുക്കനാ‍യ അച്ഛന് പറ്റിയ മകൻ. അച്ഛന് മോനുവേണ്ടി ഷർട്ട് എടുത്ത് കാശു കളയേണ്ടി വരില്ല. രണ്ട് കാപ്പി കളർ ഷർട്ട് എടുത്താൽ മാത്രം മതി“. അമ്മയുടെ സ്ഥിരം ഡയലോഗ് ആയിരുന്നു അത്.

അങ്ങനെ അമിതമായ ഉപയോഗം കാരണം കാപ്പി കളർ ഷർട്ട് (എന്റെ 11 ഷർട്ട്) വേഗം തന്നെ കേടാവാൻ തുടങ്ങി. അതുകൊണ്ട് അമ്മ വളരെ തന്ത്രപരമായി 11 ഷർട്ടിനെ എന്നിൽ നിന്നും പയ്യെ പയ്യെ അകറ്റി മാറ്റി.

അങ്ങനെ ഒരിക്ക്യൽ എല്ലാവരും അമ്മവീട്ടിൽ പോകാൻ ഒരുങ്ങുകയായിരുന്നു. അമ്മ വീട്ടിൽ പോകാം എന്ന് പറഞ്ഞാൽ അമ്മയുടെ ഉത്സാഹം ഒന്നു കാണണം. സൂപ്പർ ലോട്ടോ അടിചത് പോലെ ആണ്. അല്ലേൽ 6 മണി ആയാലും എഴുന്നേൽക്കാത്ത ആൾ അന്ന് 3 മണിക്ക് എഴുന്നേൽക്കും. അതിനും കാരണം ഉണ്ട്.





ഞങ്ങൾ 3 കൂതറകളെ ഒന്ന് കാണാൻ കൊള്ളാവുന്ന കോലം ആക്കി എടുക്കക എന്നതു അത്ര എളുപ്പം ഉള്ള കാര്യം അല്ല. ഒന്നിനെ അണിയിച്ചൊരുക്കി അടുത്തതിനെഅണിയിച്ചൊരുക്കാൻ തുടങ്ങുംബോൾ ആയിരിക്ക്യും ആദ്യത്തെ മഹാൻ മണ്ണപ്പം ചുട്ട് കളീക്ക്യാൻ പോകുന്നത്. എന്നിട്ട് മൂന്നാമത്തേതിനേയും അണിയിച്ചൊരുക്കി തിരിഞ്ഞ് നോക്കുംബോൾ ആയിരിക്ക്യും ആദ്യത്തെ 2 മഹാന്മാരും “I am a complan boy” എന്നും പറഞ്ഞ് ഷർട്ടിലും ട്രൌസറിലും മുഴുവൻ ചെളിയും ആയി വന്ന് നിൽക്കുന്നത്.





പക്ഷേ അന്നത്തെ ദിവസത്തെ പ്രശ്നം ഇതൊന്നും അല്ല ആയിരുന്നത്. എവിടെയ്ക്കെങ്കിലും വിരുന്ന് പോകുന്ന ദിവസങ്ങളിൽ അമ്മ സാധാരണ മൂന്നിനേയും കുളിപ്പിച്ച് കഴിഞ്ഞാൽ പശു കുട്ടികളെ മേയാൻ വിട്ടതുപോലെ പുതിയ കുപ്പായങ്ങൾ ഇരിക്ക്യുന്ന മുറിയില്ലേക്ക് കയറ്റി വിടും. മൂന്ന് പേരും പോയി അവരവർക്ക് ഇഷ്ടം ഉള്ളത് ഒരോന്ന് എടുക്കും. അതാണ് പതിവ്. ഇന്നും അങ്ങിനെ തന്നെ ചെയ്തു. മറ്റ് രണ്ടുപേരും അവർക്കു ഇഷ്ടം ഉള്ള കുപ്പായം എടുത്ത് ധരിച്ചു. അമ്മ കുളി കഴിഞ്ഞു വരുംബോൾ ഒരു മഹാൻ മാത്രം അതാ ട്രൌസറിൽ നിൽക്കുന്നു.



അമ്മ : വേഗം കുപ്പായം ഇട് മോനേനമുക്ക് പോകണ്ടേ..!!!



അതൊന്നും കേട്ടിട്ടും നമ്മുടെ മഹാന് ഒരു കൂസലും ഇല്ല.


അമ്മക്ക് മനസ്സിലായി. ഇത് എന്തോ കുഴപ്പം ഉണ്ട്. ഇന്നത്തെ പോക്ക് ഇവൻ കൊളമാക്കും എന്നാ തോന്നുന്നത്. അതുകൊണ്ട് തന്നെ ഉള്ളതിൽ വച്ച് ഏറ്റവും ഭംഗിയുള്ള ഷർട്ടുകൾ എടുത്ത് അമ്മ തന്നു തുടങ്ങി. അതൊന്നും നമ്മുടെ മഹാന് പറ്റില്ല.



അവസാനം അമ്മ അവനോട് ചോദിച്ചു. മോന് ഏത് ഷർട്ട് ആണ് വേണ്ടത്……?

ജിത്തു : എനിക്ക് 11 ഷർട്ട് മതി.
അമ്മ : 11 ഷർട്ടോ.?


അമ്മ ഞെട്ടിപ്പോയി. ഒരു ഷർട്ട് പോലും ഇടാൻ സമ്മതിക്ക്യാത്തവൻ 11 ഷർട്ട് വേണം എന്നും പറഞ്ഞു വാശി പിടിക്ക്യുന്നു. ഇവൻ ഇന്നത്തെ പോക്ക് കൊളമാക്കിയത് തന്നെ എന്ന് അമ്മ മനസ്സിൽ ഉറപ്പിച്ചു.


എനിക്ക് 11 ഷർട്ട് മതി എന്നും പറഞ്ഞ് ഞാൻ മേളം ആരംഭിച്ചു. വേറെ ഒരു കുപ്പായം ഇടാനും സമ്മതിക്ക്യുന്നില്ല നമ്മുടെ മഹാൻ.



മറ്റുള്ള ദിവസങ്ങളിലെ പോലെ മറ്റ് രണ്ട് മഹാന്മാരും യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. വളരെ ശാന്തരായി ഇരിപ്പാണ് രണ്ടുപേരും. ഇന്ന് ഇവൻ തന്നെ ധാരാളം എന്ന് തോന്നികാണും അവർക്ക്. അതായിരിക്ക്യും അവർ മിണ്ടാതിരിക്ക്യുന്നത്.



അമിതമായ ഉപയോഗം കാരണം കേട് വരാൻ തുടങ്ങിയ എന്റെ പ്രിയപ്പെട്ട 11 ഷർട്ട് ( വീട്ടുക്കാരുടെ കാപ്പി കളർ ഷർട്ട്) അമ്മ പഴയ തുണികളുടെ കൂട്ടത്തിൽ കെട്ടി വച്ചിരിക്ക്യുകയാണ്. അവരറിയുന്നില്ല ഞാൻ വാശി പിടിക്ക്യുന്നത് ആ ഷർട്ടിന് വേണ്ടിയാണെന്ന്.




എന്നെ തല്ലിയിട്ട് കാര്യമില്ലെന്ന് അമ്മക്ക് നല്ല പോലെ അറിയാം. അതുകോണ്ട് തന്നെ വളരെ സ്നേഹത്തോടെ എന്റെ അരികിൽ വന്ന് കൊച്ച് കുട്ടികൾ ഷർട്ട് ഇട്ടില്ലെങ്കിലും കുഴപ്പമില്ല എന്നും പറഞ്ഞ് എന്നെ ആ വേഷത്തിലെങ്കിലും കൊണ്ട് പോകാനുള്ള ശ്രമം തുടങ്ങി.


പണ്ടുകാലത്തും വാശിയിലും ബുദ്ധിയിലും ഞാൻ ഒട്ടും പിറകോട്ടല്ലായിരുന്നു. അപ്പോൾ തന്നെ ഉടുത്തിരുന്ന വെള്ള ട്രൌസർ ഞാൻ ഊരി വലിച്ചെറിഞ്ഞ് ജാക്കിജാൻ സ്റ്റൈലിൽ ഇനി എങ്ങനെ എന്നെ കൊണ്ടുപോകും എന്ന മട്ടിൽ മസിലും പിടിച്ച് നിൽ‌പ്പാണ്.



മേളം കേട്ട് കൊണ്ട് വല്ല്യമ്മയും മേമ്മയും വീട്ടിലെത്തി. അവസാനം വീട്ടിലെ മുഴുവൻ തുണികളും എന്റെ മുന്നിൽ നിരത്തി. അതിലൊന്നും നമ്മുടെ മഹാന് ആവശ്യമുള്ള ഷർട്ടില്ല. അവസാനം ഈ സർക്കസ് എല്ലാം കണ്ട് നിന്നിരുന്ന വല്ല്യമ്മ പറഞ്ഞു, ചിലപ്പോൾ ആ കാപ്പി കളർ ഷർട്ടിന് വേണ്ടിയായിരിക്ക്യും ഈ വാശി പിടിക്ക്യുന്നത് അതെവിടെ എന്ന് ചോദിച്ചു.

അങ്ങനെ അമ്മ ആ പഴയ തുണികളുടെ കെട്ട് അഴിച്ചതും പാമ്പ് ഇര വിഴുങ്ങുന്നത് പോലെ നമ്മുടെ മഹാൻ ചാടി ആ ഷർട്ട് തന്നെ എടുത്തു. ഇടിവെട്ടി തീർന്നതു പോലെ നമ്മുടെ മഹാൻ പെട്ടെന്ന് തന്നെ കരച്ചിലും നിർത്തി. അപ്പോളാണ് വീട്ടുകാർ ആ ഷർട്ടിൽ സൂക്ഷിച്ച് നോക്കുന്നത്. അതിൽ കൊടുത്തിരിക്ക്യുന്ന ഡിസൈൻ സൂകഷിച്ച് നോക്കിയാൽ 11 എന്ന് വായിക്ക്യാം.

അങ്ങിനെ നമ്മുടെ മഹാൻ വെള്ള ട്രൌസറും കാപ്പികളർ ഷർട്ടും (എന്റെ 11 ഷർട്ട്) അണിഞ്ഞ് ( നല്ല കളർ കോംബിനേഷൻ അല്ലെ?) ഒരു ജോക്കർ നെ പോലെ അമ്മവീട്ടിലേക്ക് യാത്രയായി.
അമ്മവീട്ടിലെത്തിയ മഹാന്റെ കോലം കണ്ട് എല്ലാവരും ചിറി തുടങ്ങി. അവരുടെ ചിരിയുടെ ആഴം മനസ്സിലാക്കിയ ഞാൻ അന്ന് തന്നെ ഒരു തീരുമാനമെടുത്തു.
“ഇനിമേലാൽ എന്റെ ചോയ്സിൽ ഞാൻ എനിക്ക് കുപ്പായം എടുക്കില്ല എന്ന്”


Saturday, 26 November 2011

“ അച്ഛൻ ” (പുറമെ കാണിക്ക്യാത്ത സ്നേഹത്തിന്റെ നിറകുടം)



ശൈശവം , കൌമാരം, വാർദ്ധക്ക്യം, ഇതാണ് ഒരു മനുഷ്യജീവന്റെ പ്രധാന മൂന്ന് ഘ്ട്ടങ്ങൾ.

ശൈശവത്തിൽ നമ്മൾ കൂടുതൽ ചിലവഴിക്ക്യുന്നതും അമ്മയോട് കൂടെ ആണെങ്കിലും നമ്മുടെ ആവശ്യങ്ങൾ (കളിപ്പാട്ടം, കുപ്പായം, മധുരപലഹാരങ്ങൾ ) നിറവേറ്റി തരുന്നത് അച്ഛനാണ് എന്നത് കൊണ്ട് നമുക്ക് അച്ഛനോട് ഒരു താല്പര്യം ഒക്കെ ഉണ്ടായിരിക്ക്യും. പയ്യെ പയ്യെ അത് മാറി തുടങ്ങും. പലപ്പോഴും നമ്മൾ കാണുന്ന അച്ഛൻ നമ്മളോട് അധികം ചിരിക്ക്യാത്ത നമ്മൾ കുറച്ച് ഭയക്കുന്ന അല്ലെങ്കിൽ പേടി തോന്നുന്ന രൂപമാണ്. അച്ഛനെ കണ്ടാൽ നമ്മൾ കളിയെല്ലാം നിർത്തി ഓടി പാടപുസ്തകത്തിന്റെ മുന്നിൽ വന്നിരിക്ക്യും.




നമ്മുടെ ചേഷ്ട്ടകളിലെ നർമ്മങ്ങൾ കണ്ട് കൊണ്ട് അവർ നമ്മൾ കാണാതെ ചിരിക്കുന്നു. നമ്മുളിലെ കുസ്രുതികളും കുറുംബുകളും ഒരുപക്ഷേ അമ്മയേക്കാൾ അധികം ഇഷ്ടം അച്ഛനാണ്. പക്ഷേ അത് നമ്മുടെ മുന്നിൽ കാണിക്ക്യുകയില്ല.

ഒന്ന് ആലോചിച്ച് നൊക്കൂ…..നിങ്ങളുടെ അച്ഛനും അങ്ങിനെയല്ലേ……?



അച്ഛന്മാർ സ്നേഹം പുറമെ കാണിക്ക്യുന്നത് വളരെ വിരളമാണ്.
എന്തിനാണ് അവർ അവരുടെ സ്നേഹം മറച്ച് പിടിക്ക്യുന്നത്……?
അച്ഛനും മക്കൾക്കും ഇടയിൽ ഇഷ്ടമില്ലാഞ്ഞിട്ടും അവർ മതിലുകൾ സ്രുഷ്ടിക്ക്യുന്നതെന്തിനാണ്..?

എന്തിനാണ് അവർ ഇഷ്ടമില്ലാഞ്ഞിട്ടും സ്വയം അങ്ങിനെ ആയി തീരുന്നത്.? നമ്മൾ ഒന്ന് കരപറ്റി കാണുന്നത് വരെ ഇതേ പ്രക്രുതം ആയിരിക്ക്യും അവരുടേത്. സത്സ്വഭാവിയായ ഒരു പുത്രൻ അല്ലെങ്കിൽ ഒരു പുത്രി, അവരുടെ ഭാവി. അത് മാത്രമാണ് അവരെ ഇങ്ങനെ ഒരു വേഷം കെട്ടാൻ നിർബന്ധിതമാക്കുന്നത്.



അധികം സന്തോഷിച്ചാൽ സങ്കടപെടേണ്ടി വരുമോ എന്ന് ഭയന്ന് സന്തോഷങ്ങളെല്ലാം പുറമെ കാണിക്ക്യാതെ കുടുംബത്തിന് വേണ്ടി കടിനപ്രയത്നം ചെയുന്നവരാണ് അച്ഛന്മാർ. ഞാൻ ഒന്ന് വീണുപോയാൽ പിന്നെ എന്റെ കുടുംബത്തിന് ആരുണ്ട് എന്ന ചിന്ത മനസ്സിൽ യഥാസമയവും അലട്ടികൊണ്ടിരിക്ക്യുബോളും കടിനാദ്ധ്വാനികൾ ആയി കർമ്മപാന്ഥാവിൽ ശരണമന്ത്രങ്ങൾ ചൊല്ലികോണ്ട് അവർ കുടുംബത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നു. സ്വയം ജീവിക്ക്യാൻ മറന്ന് കൊണ്ട് കുടുംബത്തിലെ മറ്റുള്ളവരുടെ സന്തോഷത്തിൽ അവർ സന്തോഷം കണ്ടെത്തുന്നു.





എന്നിട്ടും ഒരു കൌമാരക്കാരന്റെ മനസ്സിൽ അച്ഛൻ എന്നും ഒരു പരാതി ആണ്. അച്ഛന്റെ ഉപദേശങ്ങൾ അവന് ഇഷ്ടം അല്ല. അച്ഛൻ പറയുന്നതിനോടെല്ലാം അവന് പുശ്ഛമാണ്. ജീവിച്ച് തുടങ്ങിയിട്ടുപോലും ഇല്ലാത്ത അവൻ അച്ഛനെ ഉപദേശിക്ക്യാൻ തുടങ്ങും. പഴയ മനസ്സുള്ള അച്ഛന് ആധുനിക സംസ്ക്കാരത്തിൽ അറിവ് കുറവായിരിക്ക്യും ആ അറിവ് കുറവിന് കാരണം നമ്മൾ എന്ന മക്കൾ തന്നെയാണ്. നമുക്ക് വേണ്ടി ജീവിക്ക്യുന്നതിനിടയിൽ ആധുനിക ലോകത്ത് എന്താണ് സംഭവിക്ക്യുന്നത് എന്ന് ശ്രദ്ധിക്ക്യാൻ സമയം കിട്ടി കാണില്ല പാവത്തിന്.

അങ്ങനെ ഒരായുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ച അച്ഛനമ്മമാരെയാണ് ആധുനിക ലോകം വ്രുദ്ധസദനങ്ങളിൽ ആക്കുന്നത്.


പറയൂ.ഇവിടെ ആരാണ് തെറ്റുക്കാർ.?
ഒരായുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ച അച്ഛനമ്മമാരോ..?
അതോ വിധിയുടെ വിളയാട്ടമോ..?
അതോ കാലത്തിന്റെ അതിവേഗതയോ..?
അതോ ഉപയോഗശൂന്ന്യമായതെല്ലാം വലിച്ചെറിയാൻ ശീലിച്ചുകൊണ്ടിരിക്ക്യുന്ന മക്കൾ എന്ന മനുഷ്യ മസ്തിഷ്ക്കമോ..?
മുജന്മത്തിലെ ശത്രുക്കൾ ആണ് ഈ ജന്മത്തിൽ മക്കളായി പിറക്കുക എന്ന ഒരു വിശ്വാസം ഉണ്ട്. ഇനി അങ്ങനെ അടിച്ചേൽ‌പ്പിക്ക്യപ്പെട്ട എന്തെങ്കിലും വിശ്വാസങ്ങൾ ആണോ?

പറയൂ.മക്കളോടാണെന്റെ ചോദ്യം..!!!

ഇതൊനൊരുത്തരം കണ്ടുപിടിക്ക്യാൻ മക്കൾക്ക് കഴിയാത്തിടത്തോളം കാലം ഈ കഥ കാതുകളുടെ കൂടപിറപ്പെന്ന പോലെ കാലാകാലങ്ങളോളം നമ്മളോട് കൂടെ തന്നെ ഉണ്ടാകും.


മക്കൾ അറിയാതെ കടന്ന് പോകുന്ന ചില സംഭവങ്ങൾ ഉണ്ട് നമ്മുടെ വീടുകളിൽ. അതിൽ ഒന്നാണ് നമ്മുടെ വീടുകളിലെ അത്താഴം. നമ്മുടെ കുഞ്ഞ് നാളുകളിൽ നമ്മൾ വയറ് നിറച്ച് അത്താഴം കഴിച്ച് കിടന്ന് ഉറങ്ങിയതിന് ശേഷമാണ് നമ്മുടെ അച്ഛനും അമ്മയും അത്താഴം കഴിക്ക്യുന്നത്. പാതിമയക്കത്തിൽ എന്നും നമ്മൾ കേൾക്കുന്ന ഒരു വാചകം ഉണ്ട്  “മക്കൾ കഴിച്ചിട്ടല്ലേടി കിടന്നത്’ എന്ന് അച്ഛൻ അമ്മയോട് ചോദിക്ക്യുന്ന വാചകം. ഒന്നോ രണ്ടോ ദിവസം അല്ല ഇങ്ങനെ. നമ്മുടെ ശൈശവ കാലഘട്ടം കഴിയുന്നതു വരേയും ഇങ്ങനെയാണ്. നാം സുഭിക്ഷമായി കഴിച്ച് കോട്ടുവായ് ഇട്ട് കിടന്നുറങ്ങുംബോളും നാം അറിയുന്നില്ല അടുക്കളയിൽ ഇനി ഒരാൾക്ക് പോലും ഉള്ള ഭക്ഷണം ഉണ്ടോ ഇല്ലയോ എന്ന്.
പലപ്പോഴും കാണുമായിരിക്കില്ല.

പരാതി പറഞ്ഞിട്ടുണ്ടോ അവർ നിങ്ങളോട്.?

മക്കളോടാണെന്റെ ചോദ്യം.!!!

പറഞ്ഞ് കാണില്ല. അതാണ് മതാപിത്രു ബന്ധത്തിന്റെ മഹത്വം. സങ്കടങ്ങൾ അവരിലൊതുങ്ങി നിൽക്കുന്നു. സംന്തോഷങ്ങൾ മാത്രം അവർ മക്കളിലേക്ക് പകർന്നു തരുന്നു.



മാതാ പിതാ ഗുരു ദൈവം എന്ന് കാതുകളിൽ ഓതി തന്ന ഗുരുക്കന്മാരെ പോലും ഇന്നത്തെ ജനത ഓർക്കുന്നില്ല, അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് ഓർക്കാൻ ഇഷ്ടപെടുന്നില്ല.

ദൈവത്തിന് നാലാം സ്ഥാനം ആണ്. “മനുഷ്യൻ മതങ്ങളെ സ്രുഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സ്രുഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന് മണ്ണ് പങ്ക് വെച്ചു മനസ്സ് പങ്ക് വെച്ചു” എന്ന അർത്ഥവത്തായ ഒരു പഴയ ഗാനം ഉണ്ട്.  ആ ദൈവത്തിനു വേണ്ടി നിലകൊള്ളുന്ന മതങ്ങൾക്ക് വേണ്ടി മനുഷ്യൻ ഭൂമിയിൽ ചോരകളമൊരുക്കുന്നു. എന്നിട്ടും അതിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന മാതാവിനേയും പിതാവിനേയും ആർക്കും ആവശ്യമില്ല.

കാരണം എന്താണ്…….?

മക്കളോടാണെന്റെ ചോദ്യം..!!!

നമുക്ക് തെറ്റുകൾ പറ്റുന്നതെവിടെയാണ്..?




ഞാ‍ൻ എന്റെ ഒരു അനുഭവം പറയട്ടെ.

എന്നെ തല്ലുന്ന ദിവസങ്ങളിലെ രാത്രികളിൽ എന്നും അച്ഛൻ എന്നോടൊപ്പമുണ്ടായിരിക്ക്യുമായിരുന്നു. പാതിമയക്കത്തിലും ആ കരസ്പർശം ഞാൻ അറിയുമായിരുന്നു. നമ്മളെ ഒന്ന് തല്ലുംബോൾ ചങ്കിൽ ഒരു കത്തി കുത്തിയിറക്കുന്ന വേദന ആ അച്ഛനിൽ ഉണ്ടെന്ന് ഞാൻ മനസിലാക്കാൻ തുടങ്ങിയ കാലം മുതൽ ആ അച്ഛൻ ആണെന്റെ ഏറ്റവുമടുത്ത സുഹുർത്തും എന്റെ ജീവിത വഴിക്കാട്ടിയും.




നമ്മളിൽ പക്വത വരുന്നത് വരെ അവർ നമ്മളെ ഉപദേശിച്ചു കൊണ്ടിരിക്ക്യും. ആ ഉപദേശങ്ങൾ ആണ് മക്കളെ അച്ഛനിൽ നിന്നും അകറ്റുന്നത്. കാരണം കൌമാരക്കാർ ഉപദേശങ്ങളെ ഇഷ്ടപെടുന്നില്ല. താൻ എല്ലാത്തിനും ഒത്ത് വളർന്നു എന്ന കൌമാരക്കാരന്റെ മൂഡവിചാരം അവന്റെ മനസ്സിൽ നിന്നും മായുന്നത് വരെ ഓരോ അച്ഛന്റെ ഉള്ളിലും തീയാണ്. അതു കഴിഞ്ഞാൽ പിന്നെ അവർ മക്കളുടെ ഉപദേശങ്ങളെ ഏറ്റെടുക്കാൻ തുടങ്ങും.



സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ല എന്ന് പറഞ്ഞത് പോലെ അച്ഛൻ എന്ന വാക്കിന്റെ അർത്ഥം മക്കൾ മനസിലാക്കി വരുംബോളേക്ക്യും മക്കൾ വാർദ്ധക്ക്യത്തിൽ ഏത്തിയിരിക്ക്യും. അപ്പോൾ അത് ആഗ്രഹങ്ങൾ മാത്രമായി ഒന്നും ചെയ്യാൻ കഴിയാത്ത വിധം കാലം മണ്മറഞ്ഞ് പോയിരിക്ക്യും.



അങ്ങനെ ഒരു അവസ്ഥക്ക് തയ്യാറെടുക്കണോ അതോ സ്നേഹിക്ക്യാൻ മാത്രം അറിയാവുന്ന നല്ല മക്കൾ ആവാൻ ശ്രമിക്ക്യണോ..?

തീരുമാനം നിങ്ങൽക്ക് വിട്ടിരിക്ക്യുന്നു.

ഇനിയെങ്കിലും നമുക്ക് സ്നേഹിക്ക്യാൻ മാത്രം അറിയാവുന്ന നല്ല മക്കൾ ആവാൻ ശ്രമിച്ച് കൂടെ?


“സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം”
“ഞാനൊന്നു കരയുംബോൾ അറിയാതെയുരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം”
“കല്ലെടുക്കും കളിതുംബിയെ പോലെ ഒരുപാടുനോവുകൾക്കിടയിലും
പിഞ്ചിരി ചിറകുവിടർത്തുമെന്നച്ഛൻ”
“എന്നുമെൻ പുസ്തക താളിൽ മയങ്ങുന്ന നന്മതൻ പീലിയാണച്ഛൻ”
“കടലാസുതോണിയെ പോലെന്റെ ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ”
“ഉടലാർന്ന കാരുണ്യമച്ഛൻ, കൈവന്ന ഭാഗ്യമാണച്ഛൻ”
“അറിയില്ലെനിക്കേത് വാക്കിനാൽ അച്ഛനെ വാഴ്ത്തുമെന്നറിയില്ലയിന്നും”
“എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം അനുഭവ സങ്കൽ‌പ്പമച്ഛൻ“
“അണയാത്ത ദീപമാണച്ഛൻ സ്നേഹാർദ്ധ്ര സന്ദേശമാണച്ഛൻ”

സത്യം ശിവം സുന്ദരം എന്ന സിനിമയിലെ അതിസുന്ദരമായ ഈ ഗാനം ആകട്ടെ ഇനി നമ്മുടെ കാതുകളിൽ എന്നും.

Saturday, 19 November 2011

അമ്മ (പ്രപഞ്ചത്തിലെ സ്നേഹ സത്യം) ഒരു കുഞ്ഞ് കവിത.


ഞാനെന്ന കുഞ്ഞിനെ ഞാനാക്കി മാറ്റിയ 
ഞാൻ എന്ന സത്യമാണമ്മ

നിൻ സ്നേഹ ശാസനകൾ എന്നിലെ നേർവഴികൾ
ആക്കുന്ന ശക്തിയും നീയേ

അകലെയാണെങ്കിലും അരികിലുണ്ടെപ്പോളും
അകലാതെ എന്നുമെൻ കൂടെ..

പുണ്യമീ ജന്മം എന്നും നിൻ കരങ്ങളാൽ
സ്നേഹമായ് തഴുകി ഉണർത്തിടുംബോൾ

സന്ദ്യാവിളക്കിന്റെ ശോഭയിൽ മന്ത്രങ്ങൾ
ചൊല്ലി എന്നെ ശക്തനാക്കുന്നതും എൻ അമ്മയല്ലോ..

താരാട്ടുപ്പാട്ടിന്റെ മധുരമെൻ കാതിൽ
ആദ്യം പകർന്നതും എൻ അമ്മയല്ലോ..

ഞാൻ എന്ന സൌഭാഗി നേടിയ സൌഭാഗ്യമാണല്ലോ
നിൻ ഉദരത്തിനാൽ കിട്ടിയ ഈ പുണ്യജന്മം


ഒത്തിരി സ്നേഹത്തോടെ അമ്മയുടെ സ്വന്തം ജിത്തു……



Sunday, 16 October 2011

"എന്റെ കടിഞ്ഞൂൽ പെണ്ണുകാണൽ" PART - 2


അങ്ങനെ ഇരുളിന്റെ വിരിമാറിൽ പ്രകാശത്തിന്റെ മുത്തുമണികൾ വാരി വിതറികോണ്ട് ഒരു സുപ്രഭാതം കൂടി പിറവിയെടുത്തു. The Great September 5 th. ജീവിതത്തിൽ ആദ്യമായി അമ്മയുടെ നിർബദ്ധബുദ്ധിയില്ലാതെ എന്റെ പല്ലുത്തേപ്പും കുളിയും കഴിഞ്ഞു. എന്റെ ദിനചര്യകളിൽ എന്നും ഒന്നാം സ്ഥാനം കീഴടക്കിയിട്ടുള്ള ഫുഡിങ്ങും കഴിഞ്ഞു.

അങ്ങനെ ഞാനും ഏട്ടനും പിന്നെ എന്റെ ഒരു cousin brother ഉം കൂടി പെണ്ണ്കാണൽ ചടങ്ങിലേക്കുള്ള യാത്ര തുടങ്ങി. കല്യാണപിറ്റേന്ന് മണവാളൻ ചെക്കനേയും കൊണ്ട് പെണ്ണ്കാണാൻ പോകുന്ന ആദ്യത്തെ അനുജൻ ഒരുപക്ഷേ ഞാൻ മാത്രമായിരിക്കും. സംഭവിച്ചതെല്ലാം നല്ലതിന് സംഭവിച്ചുകൊണ്ടിരിക്ക്യുന്നതും നല്ലതിന് ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന് എന്ന വിശ്വാസം ഞാൻ അപ്പോഴും ഓർക്കാൻ മറന്നില്ല.

കാരണം “വിശ്വാസം......... അതല്ലേ എല്ലാം.....”

വഴിയരികിൽ ഞങ്ങളേയും കാത്ത് രേഷ്മയുടെ അമ്മാവൻ നിൽക്കുന്നുണ്ടായിരുന്നു. നല്ല ഒന്നാന്തരം കഷണ്ടി ഉള്ള ഒരു അമ്മാവൻ. അദ്ദേഹത്തോട് സംസാരിച്ച് തുടങ്ങിയപ്പോളേ എനിക്ക് മനസിലായി ഇയാളു എനിക്ക് പറ്റിയ company അല്ല എന്ന് (ആൾ ഒരു ബുദ്ധിജീവിയാണ്). വേഗം തന്നെ അദ്ദേഹത്തിന് ഏട്ടനെ വിട്ടുകൊടുത്ത് ഞാൻ തടി തപ്പി. അവർ രണ്ട് പേരും ലോക കാര്യങ്ങൾ പറയാൻ തുടങ്ങി. ഇവന്മാർ ഇത് എവിടേക്കാണ് ഈ പോകുന്നത് എന്ന് ഞാൻ ചിന്തിച്ചു. അമേരിക്കയിലെ financial crisis ഉം ഇന്ത്യയുടെ സാംബത്തിക ഭദ്രതയും ആയിരുന്നു അവരുടെ സംസാര വിഷയം. വെരും 20 മിനിറ്റ് നീളുന്ന പെണ്ണ്കാണൽ ചടങ്ങിൽ വേണമെങ്കിൽ അമേരിക്ക വരെയും പോയിവരാം എന്ന് എനിക്ക് മനസിലായി.

അപ്പോളാണ് രേഷ്മയുടെ അമ്മയുടെ വരവ്. അമ്മ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഞാനും അതിന് മറുപടിയായി എന്തൊക്കെയോ പറയുന്നുണ്ട്. ഇതെല്ലാം കണ്ട് കരയണോ ചിരിക്കണോ എന്നറിയാതെ ഒരു മഹാൻ അവിടെ ഇരിപ്പുണ്ട്. എന്റെ cousin brother സുചിൻ.
അങ്ങനെ അമ്മ ഞങ്ങൾക്ക് കുടിക്കാൻ cool drinks കൊണ്ട് വന്നു. നല്ല വെള്ളം ദാഹം ഉണ്ടായിരുന്ന ഞാ‍ൻ ആർത്തിയോടെ ഗ്ലാസ് എടുത്തതും അമ്മ എന്നെ ഒരു നോട്ടം. ഷാജി കൈലാസിന്റെ പടം പോലെ വെള്ളം കുടിക്കാൻ തുടങ്ങിയ ഞാൻ വെള്ളം കുടി അവസാനിപ്പിച്ചത് അടൂർ ഗോപാലകൃഷ്ണൻ്റെ പടം പോലെയാണ്.

അങ്ങനെ അമ്മ രേഷ്മയെ വിളിച്ചു.

വാതിലിലെ curtain പയ്യെ മാടി ഒതുക്കി കൊണ്ട് അതാ വരുന്നു നമ്മുടെ നായിക. ഒരു റോസ് നിറമുള്ള സാരി വളരെ സുന്ദരമായി ധരിച്ചിരിക്കുന്നു. വന്നപാടെ ചുവരിൽ തട്ടി തെറിച്ച പന്ത് പോലെ ഒറ്റ പൊക്ക്.

ഛെ....ഒന്ന് ശരിക്ക് കാണാൻ പോലും പറ്റിയില്ലല്ലോ എന്ന് ചിന്തിച്ച് തുടങ്ങിയതും ചേട്ടൻ ആഗോളവൽക്കരണവും മണ്ണാങ്കട്ടയും വിട്ട് വിഷയത്തിലേക്ക് വന്നു. ചേട്ടൻ രേഷ്മയെ തിരിച്ച് വിളിച്ചു. എവിടെ പോകുന്നു ഇത്രയും വേഗം എന്നും പറഞ്ഞ് ചേട്ടൻ രേഷ്മയോട് ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി.


Welldone ചേട്ടാ Welldone.

ഇനി എവിടെ പെണ്ണ് കാണാൻ പൊകുകയാണെങ്കിലും ചേട്ടനെ മാത്രമേ കൂടെ കൊണ്ട് പോകൂ എന്ന് ഞാൻ തീരുമാനിച്ചു.

നല്ല ഒന്നാന്തരം നാണം കുണുങ്ങിയാണ് നമ്മുടെ നായിക. നായികയുടെ കയ്യിൽ നിന്നും എന്തിനും ഉത്തരം കിട്ടണമെങ്കിൽ രണ്ട് പ്രാവശ്യം ചോദിക്കണം. ഇവൾക്ക് കേൾവി കുറവിന്റെ എന്തെങ്കിലും കുഴപ്പം ഉണ്ടായിരിക്കും അതായിരിക്കും ഇങ്ങനെ എന്ന് ഞാൻ ചിന്തിച്ചു. എന്നാൽ ഇതൊന്ന് ചെക്ക് ചെയ്തിട്ട് തന്നെ ബാക്കി കാര്യം എന്ന് ഞാൻ തീരുമാനിച്ചു.

അപ്പോഴതാ ചേട്ടന്റെ വക ഒരു dialogue. "ജിത്തേ, നിനക്ക് എന്തെങ്കിലും ചോദിക്കണമെങ്കിൽ ചോദിച്ചോളൂ". എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി എവിടെയാണ് പഠിക്കുന്നത് എന്ന് ചുമ്മാ ചോദിച്ചു ഞാൻ. ഇവൾ ഉത്തരം പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല രണ്ടാമത് ചോദിക്കില്ല എന്ന് തീരുമാനിച്ചു ഞാൻ.
അപ്പോളതാ അവൾ ഏതോ കടിച്ചാൽ പൊട്ടാത്ത ഒരു കോളേജിന്റെ പേരു പറഞ്ഞു. ആ കോളേജിന്റെ പേര് കേട്ടപ്പോൾ ഞാൻ രണ്ടാമത് ചോദിക്കാത്തത് കാരണം ഇവൾ എന്നെ ചീത്ത പറഞ്ഞതാണോ ദൈവമേ എന്ന് വരെ തോന്നിപോയി എനിക്ക്.

അപ്പോളതാ അമ്മയുടെ വക ഒരു dialogue. മോൾക്ക് ചെക്കനോട് എന്തെങ്കിലും ചോദിക്കണമെങ്കിൽ ചോദിച്ചോളൂ. ഇത്രേം നാണം കുണുങ്ങി ആയ ഇവൾ എന്നോട് ഒന്നും ചോദിക്കില്ല എന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു. അതുകോണ്ട് തന്നെ ചോദിക്കെടീ ചോദിക്കെടീ എന്ന മട്ടിൽ ആണ് എന്റെ ഇരിപ്പ്.


ഇവളുടെ ഈ നാണം കണ്ടപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു.അമ്മേ ഇത് ആദ്യത്തെ പെണ്ണ് കാണൽ ആണോ....?

അപ്പോൾ അമ്മ: അല്ല മോനേ ഇതു മൂന്നാമത്തെ ആണ്.

ഹി ഹി ഹി...മൂന്നാമത്തെ പെണ്ണ് കാണലിൽ ഇത്രേം നാണം എങ്കിൽ ആദ്യത്തെ ചെക്കൻ കുറച്ച് ബുദ്ധിമുട്ടിക്കാണും ഇവളുടെ അടുത്ത് എന്ന് തോന്നി പോയ നിമിഷങ്ങൾ ആയിരുന്നു അത്.

B ed ന് പടിക്ക്യുന്ന കുട്ടി ആണ്. ഇവൾ ടീച്ചർ ആയാൽ കുട്ടികളൂടെ നാണം മാറ്റാൻ കുട്ടികളെ വേറെ ട്യൂഷ്യന് വിടേണ്ടി വരുമല്ലോ ഈശ്വരാ എന്നു തോന്നിപോയി എനിക്ക്. കാക്ക കൂട്ടിൽ കല്ലെറിഞ്ഞത് പോലെ കലപിലാ സംസാരിക്ക്യുന്ന എന്റെ കുടുംബത്തിൽ ഇവളുടെ ഈ നാണം ഒക്കെ ഒറ്റ ദിവസം കൊണ്ട് മാറിക്കോളും എന്ന് പരിപ്പൂർണ്ണ വിശ്വാസമായിരുന്നു എനിക്ക്. അതുകോണ്ട് തന്നെ ജാതകം ചേരുകയാണെങ്കിൽ ഇത് തന്നെ മതി എന്ന് ഞാൻ തീരുമാനിച്ചു. എന്ത് തന്നെയായാലും നല്ല കുട്ടി ആണ് രേഷ്മ. അവളുടേ ചേഷ്ട്ടകളിൽ അത് വ്യക്തമായിരുന്നു. പിന്നെ കെട്ടാൻ പോകുന്ന കുട്ടിയെ കുറിച്ച് അനേഷിക്ക്യാൻ ഒരു CBI വിഭാഗം തന്നെ വീട്ടിൽ ready ആയി നിൽ‌പ്പുണ്ട്. അതുകൊണ്ട് ആ കാര്യത്തെ കുറിച്ച് പേടിക്ക്യാൻ ഇല്ല.

അങ്ങനെ അമ്മയോട് ജാതകം നോക്കിച്ചോളൂ എന്നും പറഞ്ഞ് ഞങ്ങൾ യാത്ര തിരിച്ചു.

Friday, 14 October 2011

"എന്റെ കടിഞ്ഞൂൽ പെണ്ണുകാണൽ” PART - 1



 തൃശ്ശൂർ എന്ന ഒരു കൊച്ച് ജില്ല. ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു ഈ മഹാനഗരം. ഞാൻ ജനിച്ചതിന് ശേഷം ഇത് സംസകാരിക നഗരം എന്നും അറിയപ്പെടുന്നുണ്ട് (അത് എൻ്റെ കുറ്റം അല്ലാ ട്ടോ). സുന്ദരികൾക്ക് അവിടെ ഒരു ക്ഷാമവുമില്ല. സുന്ദരൻ ആയി ഞാൻ മാത്രമേ ഉള്ളൂ……
അതിന്റെ അഹങ്കാരം ഒന്നും എനിക്കില്ല ട്ടോ....

അന്ന് സെപ്റ്റംബർ 1,

വീട്ടിൽ ഏട്ടന്റെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ പൊടിപൊടിക്കുന്നു.



അമ്മ മുറ്റമടിക്കുന്നു അനുജൻ വീട് മോടി പിടിപ്പിക്കുന്നു അച്ഛൻ എല്ലാത്തിനും ചുക്കാൻ പിടിക്കുന്നു അങ്ങിനെ പോകുന്നു ഒരുക്കങ്ങൾ. വീട്ടിൽ ഒരു ദേവി കയറിവരാൻ പോകുന്ന സന്തോഷത്തിലും തയ്യാറെടുപ്പിലും ആണ് എല്ലാവരും.ഞാൻ മാത്രം എന്തോ നഷ്ടപെട്ട ആരെയോ പോലെ ഇരിക്കുന്നു (കാരണം 2 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം ആകെ എനിക്ക് കിട്ടിയിരിക്ക്യുന്ന അവധിക്കാലം വെറും 15 ദിവസം ആണ്).

എന്റെ മനസ് എപ്പോളും എളൂപ്പം മനസിലാക്കാറുള്ളത് എന്നും അമ്മ തന്നെയാണ്.അവധിക്കാലം കുറഞ്ഞതോർത്ത് വിഷമിച്ചിരിക്കുന്ന എന്നെ നോക്കി അമ്മ അച്ചനോട് : ഇനി ജിത്ത് മോന് ഒരു പെണ്ണിനെ കണ്ട്പിടിക്കണം.

“മോനേ...മനസിൽ ഒരു ലഡു പൊട്ടി”

ആ ഒരൊറ്റ വാചകം മനസിലെ മുഴുവൻ സങ്കടങ്ങളും മായ്ച്ചുകളഞ്ഞു. പിന്നെ അമ്മയുടെ വാലും തൂങ്ങി ആയി എന്റെ നടപ്പും ഇരിപ്പും എല്ലാം.

അപ്പോളതാ ചെട്ടന്റെ വക ഒരു dialogue . രേഷ്മ എന്ന പെൺകുട്ടിയുടെ അമ്മ വിളിച്ചിരുന്നു. സെപ്റ്റംബർ 5 ന് അവൾ വീട്ടിൽ ഉണ്ടാകും, അന്ന് ഇവനോട് പെണ്ണ് കാണാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.

 “മോനേ...മനസിൽ വീണ്ടും ഒരു ലഡു പൊട്ടി”

അപ്പോൾ അമ്മ : അതെങ്ങനെ പറ്റും. സെപ്റ്റംബർ 4 ന് ആണ് ഏട്ടന്റെ കല്യാണം. കല്യാണത്തിന്റെ അടുത്ത ദിവസം തന്നെ പെണ്ണ്കാണാൻ പോകാൻ ബുദ്ധിമുട്ടാകും. നീ അവരെ വിളിച്ച് വേറെ ഒരു ദിവസം പറയാൻ പറ.
“അമ്മയെ ഒറ്റ ഇടി വച്ച് കൊടുത്തു ഞാൻ”

അപ്പോൾ ഏട്ടൻ : നല്ല ഭംഗി ഉള്ള കുട്ടി ആണ് അമ്മെ. ( അപ്പോൾ തന്നെ നൂറേനൂറ് സ്പീടിൽ ഞാൻ കണ്ണാടിയുടെ മുന്നിലേക്കോടി. ശരിക്കൊന്ന് സൂക്ഷിച്ച് നൊക്കിയതിന് ശേഷം അതേ സ്പീടിൽ തിരിച്ച് വന്ന് പഴയ സ്ഥാനത്ത് തന്നെ നിന്നു. എന്താടാ എനിക്ക് ഭംഗിക്ക് ഒരു കുറവ് എന്ന മട്ടിൽ ഞാൻ അവനെ തുറിച്ച് നോക്കി കോണ്ട് നിന്നു). കുട്ടി  B ed ന് പടിക്കുന്നു. ഒരു വർഷം കൂടി കഴിഞ്ഞാൽ എവിടെയെങ്കിലും ടീച്ചർ ആയി ജോലി കിട്ടും. ഒന്നുമില്ലെങ്കിലും ഇവന്റെ പിള്ളേരെ tution ന് വിടണ്ടല്ലോ. അവൾ പടിപ്പിച്ചോളും. ( ഞാൻ പടിപ്പിച്ചാൽ എന്താടാ മോശം എന്നും ചിന്തിച്ചുംകോണ്ട് ഞാൻ അവനെ ഒന്നൂടെ തുറിച്ച് നോക്കി. പാവം അവന് കാര്യം മനസിലായില്ല... മനസിലാകാതിരുന്നത് എന്റെ ഭാഗ്യം.)

ഇവന് ആകെ 15 ദിവസം അല്ലേ അവധി ഉള്ളൂ, അതിൽ 5 ദിവസം ഇപ്പോൾ തന്നെ കഴിഞ്ഞു. പിന്നെ സെപ്റ്റംബർ 5 കഴിഞ്ഞാൽ ആ കുട്ടിയും വീട്ടിൽ ഉണ്ടാകില്ല. എന്തായാലും അന്ന് തന്നെ ചെല്ലാം എന്ന് വാക്ക് കോടുക്കാം എന്ന് പറഞ്ഞ് ചേട്ടൻ രേഷ്മയുടെ അമ്മയെ വിളിച്ച് സെപ്റ്റംബർ 5 ന് തന്നെ പെണ്ണ്കാണാൻ ചെല്ലാം എന്ന് വാക്ക് കൊടുത്തു.





അങ്ങനെ സെപ്റ്റംബർ 4 വന്നെത്തി. അന്നാണ് ഏട്ടന്റെ കല്യാണം. 27 വയസ്സിനുള്ളിൽ ഒരുപാട് കല്യാണങ്ങൾ ഞാൻ കൂടിയിട്ടുണ്ട്.ഒരു ഭക്ഷണപ്രിയൻ ആയിരുന്ന ഞാൻ ഭക്ഷണപുരയും സദ്യവട്ടങ്ങൾ ഒരുക്കുന്ന സ്ഥലവുമല്ലാതെ വേറൊന്നും കണ്ടിട്ടില്ല ഇന്നേവരെ. അതുകോണ്ട് ചേട്ടന്റെ കല്യാണം എന്തായാലും കണ്ട് പഠിക്കണം.

അതുകൊണ്ട് എന്തൊക്കെയാണ് ചെയ്യുന്നത് എന്നറിയാൻ അതിരാവിലെ മുതൽ ചേട്ടന്റെ വാലും തൂങ്ങി നടപ്പാണ് ഞാൻ. അതിനിടയിൽ അമ്മയുടെ വക ഒരു വിളി. ജിത്ത് മോനേ വന്ന് ചായ കുടിച്ചേ വേഗം. എന്റെ ഉത്തരം വളരെ പെട്ടന്നായിരുന്നു. ഞാൻ ചേട്ടന്റെ കൂടെ ഇരുന്നോളാം. കേട്ടുനിന്ന ബന്ധുക്കൾ സഹോദരസ്നേഹത്തെ കുറിച്ച് വാഴ്ത്തിപാടുന്നത് പതിയെ എനിക്ക് കേൾക്കാമായിരുന്നു. എന്ത് ഭൂകംബം വന്നാലും ഇന്നു ഞാൻ ഇവന്റെ പിറകിൽ നിന്നും മാറില്ല എന്ന മട്ടിൽ ഞാനും.



അങ്ങനെ ഞങ്ങൾ എല്ലാവരും അംബലത്തിൽ എത്തി (താലികെട്ട് അംബലത്തിൽ ആണ്). അവിടെ ആണെങ്കിൽ അന്ന് 3 കല്യാണം ഉണ്ട്. ഏട്ടൻ അവസാനം ആണ് താലി കെട്ടുന്നത് എങ്കിൽ ബാക്കി 2 കല്യാണം കൂടി കാണാം എന്ന സന്തോഷത്തിൽ ആണ് എന്റെ നിൽ‌പ്പ്.
 പക്ഷേ ഏട്ടന് 2nd chance കിട്ടി. ഞാൻ ചേട്ടന്റെ മുഖഭാവത്തിലും ചേഷ്ടകളിലും മാത്രം ആണ് concentrate ചെയ്യുന്നത്. എല്ലാവരെയും നോക്കി ഒരു കുഞ്ഞ് നാണത്തോടെ പുഞ്ചിരിച്ചും കൊണ്ട് നിൽ‌പ്പാണ് അവൻ. കണ്ടപ്പോൾ സങ്കടം തോന്നി എനിക്ക് (കാരണം എവിടെ നോക്കിയാലും ആളുകൾ അവനെ തന്നെ ആണ് നോക്കുന്നത്.കാരണം അവനാണ് അന്നത്തെ നടൻ)

അങ്ങനെ ആ ശുഭമുഹൂർത്തമെത്തി. തിരുമേനിക്കൊപ്പം മന്ത്രങ്ങൾ ഏറ്റ്ചോല്ലികൊണ്ട് അവർ വിവാഹിതരായി. മഞ്ഞ ചരടിനുള്ളിൽ ആ മംഗല്യവും അങ്ങനെ പൊന്നിൻ ചിറകണിഞ്ഞു.



അടുത്ത ദ്രുശ്യം തികച്ചും ചിന്തിപ്പിക്കുന്നതും സന്തോഷാശ്രുക്കളാൽ സങ്കടപ്പെടുത്തുന്നതുമായിരുന്നു.

വധുവിന്റെ അച്ചൻ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി വധുവിനെ വരന് കൈപിടിച്ചേൽ‌പ്പിക്കുന്ന ദൃശ്യം. തികഞ്ഞ പ്രാർത്തനയുടേയും വേദനയുടെയും പകർപ്പ് ആ ആച്ഛൻ്റെ മുഖത്ത് വളരെ സ്പഷ്ടമായി കാണാമാ‍യിരുന്നു. ഇത്രനാളും തന്റെതെന്ന് മാത്രം വിശ്വസിച്ചിരുന്ന മകൾക്ക് ഇന്ന് മറ്റൊരു അവകാശി കൂടി വന്നിരിക്കുന്നു. 24 വർഷം ഒരു നിധി പോലെ കൊണ്ടുനടന്നിരുന്ന മകൾക്ക് ഇപ്പോൾ തന്നേക്കാൾ കൂടുതൽ അവകാശം ഈ പുതിയ അവകാശിക്കാണ്. ഇത് പ്രക്രുതി നിയമമാണ്. ഊർജ്ജസ്വലമായ ഒരു പുത്തൻ തലമുറയുടെ ഉല്പത്തിക്ക് ഇത് അനുസരിച്ചേ പറ്റൂ. പ്രകൃതിയിലെ ഒരു ശ്രേഷ്ട ശിഷ്യനെപോലെ ആ അച്ഛനും ഈ പ്രകൃതി നിയമത്തെ വരവേൽക്കുന്നുണ്ടായിരുന്നു.


വധുവരന്മാർക്ക് നടുവിൽ പ്രാർത്ഥനയോടെ നിൽക്കുന്ന ആ അച്ഛനെ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുകളും നനഞ്ഞുപോയി.

അങ്ങനെ സമയം 6:30 നോട് അടുക്കുന്നു. ഇരുട്ടിന്റെ സുഗന്ദം പകലിന്റെ വിരിമാറിൽ ചാർത്താ‍ൻ തുടങ്ങിയിരിക്കുന്നു. Reception ഉം കഴിഞ്ഞ് വധുവരന്മാർ ഞങ്ങളോട് യാത്ര പറഞ്ഞ് വധൂഗ്രുഹത്തിലെക്ക് പോകാൻ ഒരുങ്ങുകയാണ്. ഞാനും ഓടിചെന്ന് ഒരു ഷേയ്ക്ക് ഹാന്റ് കൊടുത്തു അവന്. നാളത്തെ കാര്യം മറക്കണ്ട എന്ന കാര്യം ഓർമ്മിപ്പിക്കാൻ ഞാൻ മറന്നില്ല (ഞാൻ ആരാ മോൻ, ഈ എന്നെകോണ്ട് തോറ്റു ഞാൻ).




ഇനിയാണ് നമ്മൾ വിഷയത്തിലെക്ക് കടക്കാൻ പോകുന്നത്. അതിന് മുൻപ് ഒരു കുഞ്ഞ് ഇടവേള.

(തുടരും...........)

Thursday, 13 October 2011

പ്രണയവിരഹം ( ഒരു കൊച്ച് കവിത ) (നഷ്ടപ്പെട്ടേക്കാം എങ്കിലും പ്രണയിക്ക്യാതിരിക്ക്യരുത്)



വിടപറഞ്ഞെങ്ങുപോയി നീയെൻ പ്രിയേ..!
ക്രൂരമാം ചട്ടങ്ങളകറ്റിയോ നമ്മളെ..!


ആദ്യമായ് എന്നുള്ളിൽ തോന്നിയൊരിഷ്ടമേ!
അറിയാതെ പോയതെന്തേ നീ ഞങ്ങളെ!


എങ്കിലുമിന്നുമേ കൊതിക്ക്യയാണെൻ മനം,
ആ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങീടുവാൻ.


മഴയുള്ള സന്ദ്യയിൽ മദുരമാം ഓർമ്മയായ്,
ഇന്നുമെൻ ഉള്ളിൽ കളിക്ക്യുന്നു നിൻ കുസ്രുതികൾ.


കാറ്റിന്റെ വഴികളിൽ വിടരുന്ന പരിമളം പോലെ,
ഇന്നുമെൻ കരളിൽ വിരിയുന്നു നിൻ മണം.


ഇനിയൊരു ജന്മമുണ്ടെങ്കിൽ ആ തിരുമണം,
സ്വന്തമാക്കീടുമീ ഞാൻ നിശ്ചയം (horoscope match must)


“ആദ്യ ജോലിയിലേക്കുള്ള കാൽ വെപ്പും ഒത്തിരി ഒർമ്മകളും” PART-1



ഡിപ്ലോമ എന്ന മഹാസാഗരം നീന്തികടന്നതിന്റെ ആനന്ദനിർവ്വുർതിയിൽ ചാഞ്ചാടി നടക്കുന്ന കാലം.(സത്യം പറഞ്ഞാൽ ശ്വാസം മുട്ടി മുങ്ങി താന്ന് ഒരു കണക്കിനു കര പറ്റിയതാണ്). ആദ്യമായി വീട്ടുകാർക്കെല്ലാം എന്റെ നാമദേയത്തിൽ ലഡു വാങ്ങി കൊടുക്കാൻ കിട്ടിയ ഒരവസരം.ഈ അവസരം പാഴാക്കിയാ‍ൽ ഇനി ജന്മത്ത് ലഡു വാങ്ങി കൊടുക്കാൻ പറ്റില്ല. അതു കൊണ്ട് തന്നെ അച്ഛൻ, അമ്മ, അമ്മൂമ്മ, അമ്മാവൻ എന്നിവരുടെ കയ്യിൽ നിന്നെല്ലാം പണം സംഭരിച്ച് അച്ഛന്റെ കയ്യിൽ നിന്നും വാങ്ങിയ പണത്തിന് മാത്രം ലഡു വാങ്ങി കൊടുത്തു. (ബാക്കി ഉള്ളത് ഞാനും കൂട്ടുകാരും ചേർന്ന് അടിചു പൊളിച്ചു). മാർക്ക് അറിഞ്ഞപ്പോൾ വീട്ടുക്കാരെല്ലം ഒന്നു ഞെട്ടിപോയി.പന്തും കളിച്ച് ക്ലാസ്സിലും കയറാതെ മെഡുക്ക്യൽ സർട്ടിഫിക്കറ്റ് കാണിച്ച് പരീക്ഷ എഴുതിയ ഇവൻ ടിസ്റ്റിങ്ങ്ഷനടുത്ത് മാർക്കോടെ പാസായിരിക്ക്യുന്നു (സത്യം പറഞ്ഞാൽ ഞാനും ഞെട്ടിപോയി.)



അന്നാലും ഈ മാർക്ക് ഞാൻ പ്രതീക്ഷിചിരുന്നു എന്ന മട്ടിൽ ആയി എന്റെ നടപ്പും ഇരിപ്പും ഭാവവും എല്ലാം…….



RESULT വന്നതിന്റെ ചൂട് കെട്ടടങ്ങിയപ്പോൾ.. ഇനിയെന്ത്…….? വീട്ടുക്കാർക്കിടയിൽ അതൊരു ചോദ്യചിഹ്നമായി കിടക്കാൻ തുടങ്ങി. പക്ഷെ ഞാൻ എന്റെ ദിനചര്യകളിൽ പരിപൂർണ്ണ ശക്തനായി തുടർന്നു കൊണ്ടിരുന്നു (പന്തുകളിയും നീന്തലും വായ്നോട്ടവും യാതൊരു മുടക്കവും വരുത്താതെയുള്ള ഫുഡിങ്ങും, അങ്ങിനെ അങ്ങിനെ ഞാൻ എന്റെ ജോലികളിൽ വളരെ busy ആയിരുന്നു.അങ്ങനെ അമ്മവീട്ടിലെ സുഖകരമായ ജീവിതം.






അച്ഛന് ഒരിക്ക്യലും പിടികൊടുക്കാത്ത എന്നെ അച്ഛൻ ഒരിക്ക്യൽ വീട്ടിൽ വിളിപ്പിച്ചു.അങ്ങനെ ഗ്രൌണ്ടിനോടും പുഴയോടും യാത്ര പറഞ്ഞ് ഞാൻ എന്റെ വീട്ടിലെക്ക് യാത്രയാകാൻ തുടങ്ങി (വായ്നോട്ടവും ഭക്ഷണവും എവിടെയായിരുന്നാലും ഞാൻ ഒരു മുടക്കവും വരുത്താറുണ്ടായിരുന്നുല്ല, അതുകൊണ്ട് തന്നെ അവരുടെ മുന്നിൽ ഒരു വിടപറയലിന്റെ ആവശ്യകത ഉണ്ടായിരുന്നില്ല). മനസില്ലാ മനസോടെ യാത്ര പറഞ്ഞു തിരിഞ്ഞതും, അതാ ഗ്രൌണ്ടിന്റെ നൊംബരങ്ങൾ ഒരു പാട്ടിലൂ‍ടെ ഒഴുകി വരുന്നത് പോലെ തോന്നി എനിക്ക്.

“ മംഗളം നേരുന്നു ഞാൻ…………

  മനസ്വിനി…….മംഗളം നേരുന്നു ഞാൻ…….  

  അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ,

  പിരിഞ്ഞു പൊയ് നീ എങ്കിലും എന്നും………

  മംഗളം നേരുന്നു ഞാൻ………….”

പിന്നീടുള്ള കുറച്ച് നിമിഷങ്ങൽ ഞങ്ങൾ അറിയാ‍തെ കൊച്ചുമുതലാളിയും കറുത്തമ്മയും ആയി മാറി.





കരഞ്ഞ് കരഞ്ഞ് തളർന്ന് വീട്ടിൽ എത്തിയ ഞാൻ അമ്മ ഉണ്ടാക്കി വച്ചിരിക്ക്യുന്ന പലഹാരങ്ങൽ കണ്ടപ്പോൾ  ഗ്രൌണ്ടിനെയെല്ലാം മറന്നു.അങ്ങനെ അതാ ഒരു രണ്ടാം ജന്മം പോലെ,  ഞാൻ എന്ന സംഭവത്തെ ലൊകത്തിന് സംഭാവന ചെയ്യാൻ ഭാഗ്യം ലഭിച്ച കൊനിക്കര എന്ന സുന്ദരഗ്രാമത്തിൽ വീണ്ടും ഒരു കാൽവെപ്പ്. ഞാനും വീട്ടുക്കാരും വിശേഷങ്ങൽ പങ്കുവെയ്ക്ക്യാൻ തുടങ്ങി.വിശേഷങ്ങൽക്കിടയിൽ, ത്രുശ്ശുർ പൂരത്തിന് ഓലപടക്കങ്ങൾക്കിടയിൽ പൊട്ടുന്ന ഗുണ്ട്പോലെ അതാ അച്ഛന്റെ ഒരു ചോദ്യം. “  മാഷേ,  ഇനി എന്താ പരിപാടി..? ”. ആ ചോദ്യം വേറെ ആരൊടുമല്ല, എന്നോട് തന്നെയാണെന്നെനിക്ക്യു മനസ്സിലായി.അപ്പോൾ അതാ വരുന്നു പിന്നലെ ഒന്നു കൂടി. “ B-TECH ന് ഒരു application കൊടുത്തിടാമായിരുന്നില്ലെ……” ദൈവമേ……മുജന്മത്തിലെ ശത്രു ആണ് ഈ ജന്മത്തിൽ മകനായി പിറക്കുക എന്ന ഒരു പഴംഞ്ചൊല്ല് ഉണ്ട്. ഇതേതൊ വലിയ ശത്രു തന്നെ. എന്നെ ടിപ്ലോമ വരെ ശിക്ഷിച്ചതൊന്നും പോരാ.. ഇനി വിട്ടുകൊടുത്തുകൂടാഇതിൽ നിന്നും രക്ഷപെടാൻ എന്തെങ്കിലും ഒരു വഴി കണ്ടെത്തിയേ പറ്റൂ.



അങ്ങനെ ഞാൻ മുടിഞ്ഞ ആലോചന തുടങ്ങി. ഒരു എത്തും പിടിയും കിട്ടുന്നില്ല. എന്തെങ്കിലും പോംവഴി കണ്ടുപിടിച്ചേ പറ്റൂ. അല്ലേൽ എന്നെ B-TECH ന് വിടും. വെറുതെ എന്റെ 3 വർഷം വേസ്റ്റ് ആകും.സിനിമയിൽ കാണുന്നതു പോലെ ഒരു സിഗററ്റൊക്കെ വലിച്ച് ആലോചനയിൽ മുഴുകിയാലോ എന്ന ഒരു ചിന്ത ഉണ്ടാകാതിരുന്നില്ല. വഴിയോരത്ത്  ഒറ്റക്ക് കിടക്കാൻ പേടിയുള്ളത് കൊണ്ട് ഞാൻ ആ ആലൊചന വേണ്ടാന്നു വച്ചു (ഒരു ദു:ശീലവുമ്മില്ലാത്ത എന്റെ കുടുംബത്തിൽ ഞാൻ ഇങ്ങനെ എന്തെങ്കിലും ചെയ്താൽ അന്നു പുറത്താ ഞാൻ വീട്ടിൽ നിന്നും).

അങ്ങനെ ഊണിലും ഉറക്കത്തിലും ഒരേ ഒരു ചിന്ത. ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ ഞാൻ ടിപ്ലോമക്ക് 1ST RANK വാങ്ങിയേനെ എന്ന് വരെ തോന്നിപോയി എനിക്ക്.



ഏത് നാട്ടിൽ ചെന്നാലും ഞാൻ കുറേ കൂതറകളെ കൂട്ടുക്കാർ എന്ന സ്ഥാനം കൊടുത്ത് കൂടെ കൂട്ടുമായിരുന്നു. ഇവിടേയും ഉണ്ട് നല്ല ഒന്നാന്തരം കൂതറകൾ എനിക്ക് കൂട്ടായിട്ട്.



അവന്മാരോട് ഒരു idea പറഞ്ഞ് തരാൻ പറഞ്ഞാലോ? ഈ വക കാര്യങ്ങൾക്ക് അവന്മാർ കഴിഞ്ഞിട്ടേ വേറെ ആളുകൾ ഉള്ളൂ. അവന്മാരെ വിളിക്ക്യാൻ ഫോണിൽ കൈ വച്ചതും, ഷോക്ക് അടിചത് പോലെ ഞാൻ കൈ വലിച്ചുമാറ്റി. കൂട്ടുക്കാർ ആണെങ്കിലും കൂതറകൾ പാരവെപ്പിന്റെ ഉസ്താത്കൾ ആണ്. അവന്മാരോട്  പറഞ്ഞാൽ പിറ്റേ ദിവസം തന്നെ അത് അമ്മ അറിയും. വെറുതെ വേണ്ട വെളുക്കാൻ തേച്ചത് പാണ്ടാവും. സ്വയം ചിന്തിച്ച് എന്തെങ്കിലും കണ്ടുപിടിക്ക്യുന്നതാണ് നല്ലത്. അവസാനം അതാ നീലകുറിഞ്ഞി (വർഷത്തിൽ ഒരിക്കൽ മാത്രം വിരിയുന്ന പൂവ്) പൂത്തപോലെ ഒരു idea എന്നിൽ ഉരുൾപൊട്ടി.



" ജോലിയോടു കൂടിയുള്ള പഠനം ". ആദ്യം ഒരു ജോലി തേടിയിട്ട് correspondence ആയി engineering ചെയ്യാം എന്ന് ചുമ്മാ തട്ടിവിട്ട് അച്ഛനെയും അമ്മയേയും പറ്റിക്ക്യാം. ഹി..ഹി...ഹി. ഈ idea വച്ച് ഞാൻ ഒരു കലക്ക് കലക്കും.

ശോ…….എന്നെ സമ്മതിക്ക്യണം..എന്നെ മാത്രം.


( തുടരും…………..)